ബാങ്കുകളിലെ വാർഷിക പരിശോധനാ റിപ്പോർട്ടുകൾ നൽകാൻ ആർ.ബി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു

ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന് റിസർവ് ബാങ്കിന് സുപ്രീംകോടതിയുടെ അന്ത്യശാസന നൽകി. ബാങ്കുകളിലെ വാർഷിക പരിശോധനാ റിപ്പോർട്ടുകളും വിവരാവകാശ നിയമപ്രകാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
വിവരങ്ങൾ രഹസ്യമാക്കി വെക്കുക എന്ന റിസർവ് ബാങ്കിന്റെ നയം മാറ്റണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ വാർഷിക റിപ്പോർട്ടുകൾ വിവരാവകാശ നിയമപ്രകാരം നൽകാത്തതിനെ തുടർന്ന് ജനുവരിയിൽ റിസർവ് ബാങ്കിനെതിരെ കോടതി അലക്ഷ്യ നടപടികൾ തുടങ്ങിയിരുന്നു. എസ്.സി അഗർവാൾ എന്ന സാമൂഹ്യപ്രവർത്തകന്റെ ഹർജിയെ തുടർന്ന് വാർഷിക റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് ആർ.ബി.ഐയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചത്. ഇതിന് ശേഷവും നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ അന്ത്യശാസന നൽകിയിരിക്കുന്നത്. വിവരങ്ങൾ നൽകാൻ ആർ.ബി.ഐയ്ക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. വിവരങ്ങൾ രഹസ്യമാക്കി വെക്കണമെന്ന ആർ.ബി.ഐയുടെ നയം പുനഃപരിശോധിക്കണമെന്നും 2015ലെ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് അതെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ബാങ്കുകളെപ്പറ്റിയുള്ള വാർഷിക പരിശോധനാ റിപ്പോർട്ടുകൾ എത്രയും പെട്ടന്ന് നൽകണമെന്നും വിധി ലംഘിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ കോടതി അലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു.