മക്കയിൽ മൂന്ന് ഇസ്ലാമിക മ്യൂസിയങ്ങൾ നിർമിക്കുന്നു

മൂന്ന് ഇസ്ലാമിക് മ്യൂസിയങ്ങൾ നിർമിക്കാനുള്ള പദ്ധതിക്ക് മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ അംഗീകാരം നൽകി. മക്ക വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ ജബൽ ഒമർ കന്പനിയുടെ ആസ്ഥാനത്ത് വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായാണിത്. ദൈവത്തിന്റെ മഹത്വവും സൗന്ദര്യവും, പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രവുമായി നീതിശാസ്ത്രം, ഗ്രാൻഡ് മോസ്കിന്റെ സവിശേഷതകൾ എന്നീ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് മ്യൂസിയങ്ങൾ സജ്ജമാക്കുക. രാജ്യത്തിന്റെ പൊതു സാംസ്കാരിക പൈതൃകത്തിനൊപ്പം പുണ്യകേന്ദ്രങ്ങളുടെ പവിത്രത തീർത്ഥാടകരെയും സന്ദർശകരെയും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
റമസാനിൽ തീർത്ഥാടകപ്രവാഹം കണക്കിലെടുത്ത് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും ഉപ അമീർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ വിലയിരുത്തി. ഹറമിലേക്കും തിരിച്ചും തീർത്ഥാടകരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനായി നിർമിച്ച ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ജർവൽ ഭൂഗർഭ പാതയുടെ സുരക്ഷയും ഉറപ്പുവരുത്തി. മൂന്നാം ഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഗ്രാൻഡ് മോസ്ക് റമസാനിൽ തീർത്ഥാടകർക്കായി തുറന്നുകൊടുക്കും. ഇതോടെ ഒരേസമയം 2.8 ലക്ഷം ആളുകൾക്ക് പ്രാർത്ഥനയ്ക്ക് സൗകര്യമുണ്ടാകും.