വോട്ടിങ് യന്ത്രം സൂക്ഷിച്ച മുറി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽ

വിശാഖപട്ടണം: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച മുറി ബോംബിട്ട് തകർക്കുമെന്ന് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ അനകപള്ളെയിലാണ് സംഭവം. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സംസ്ഥാനത്തെ മുഴുവൻ സ്ഥലങ്ങളും ബോംബിട്ട് തകർക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. 40 വയസ്സുള്ള ശ്രീരഞ്ജിനി എന്ന സ്ത്രീയാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയ പൊലീസ് അവരെ അറസ്റ്റ് ചെയ്തു. സാമൂഹിക പ്രവർത്തകയാണ് ഇവർ.
വിവിധ പദ്ധതികൾക്ക് ലഭിക്കേണ്ട ഫണ്ട് ബാങ്ക് അനുവദിച്ചു നൽകാത്തതിലുള്ള ദേഷ്യം മൂലമാണ് യുവതി ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. വ്യാജ പേരിൽ പുതിയ ഫോണ്‍ വാങ്ങി സുഹൃത്തിന്‍റെ സിം കാർഡ് മോഷ്ടിച്ചാണ് യുവതി ഭീഷണി സന്ദേശമയച്ചതെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.