ഇന്ത്യ കനത്ത ജാഗ്രതയിൽ; കശ്മീരിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു

ശ്രീനഗർ: പാക് വിമാനങ്ങൾ അതിർത്തി കടന്നെത്തിയ സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ ഇന്ത്യ. ജമ്മു കശ്മീരിലേക്കുള്ള വ്യോമഗതാഗതം പൂർണമായും നിർത്തി വച്ചു. ജമ്മു, ശ്രീനഗർ, പഠാൻകോട്ട്, ലെ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടെ നിന്നുള്ള എല്ലാ വിമാനസർവ്വീസുകളും റദ്ദാക്കി. ഇന്ന് ഈ നാല് വിമാനത്താവളങ്ങളിലേക്കും എത്താനിരുന്ന എല്ലാ സർവ്വീസുകളും റദ്ദാക്കിയിട്ടുമുണ്ട്. ചില വിമാനക്കമ്പനികൾ അമൃത്‍സർ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിന്നുമുള്ള വിമാനസർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, തലസ്ഥാനമായ ഇസ്ലാമാബാദിലെ വിമാനത്താവളവും അതിർത്തിപ്രദേശങ്ങളിലെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽകോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്. ഇവിടെ നിന്നുള്ള വിദേശ വിമാനസർവ്വീസുകളടക്കം നിർത്തിവച്ചു.