ഇടുക്കിയിൽ രണ്ട് മാസത്തിനിടെ ഏഴ് കർഷക ആത്മഹത്യകൾ


തൊടുപുഴ: കാർഷിക മേഖല പ്രധാന വരുമാനമായി മാറിയ ഇടുക്കിയിൽ രണ്ട് മാസത്തിനിടെ ഏഴ് കർഷകർ ആത്മഹത്യ ചെയ്തു. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാകാതെ ജപ്തി നോട്ടിസ് ലഭിച്ചതിൽ മനം നൊന്ത് ഇടുക്കി മുരിക്കാശേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന ജയിംസ് ജോസഫാണ് ഏറ്റവും ഒടുവിൽ ജീവനൊടുക്കിയത്. 

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അടിമാലി ശാഖയിൽ നിന്ന് ജയിംസ് വായ്പയെടുത്തിരുന്നു. മകളുടെ നഴ്സിംഗ് പഠനത്തിനായി 2012ൽ രണ്ടര ലക്ഷം രൂപയാണ് വായ്പ എടുത്തത്. പിന്നീടുണ്ടായ കൃഷി നാശവും കാർഷിക വിളകളുടെ നാശവും കാരണം വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നു.  കട ബാധ്യത വർദ്ധിച്ചതോടെ ജയിംസും കുടുംബവും താമസിച്ചിരുന്ന ഇരുമലക്കപ്പിലെ രണ്ടര ഏക്കർ കൃഷി സ്ഥലവും വീടും 9 വർഷത്തേക്ക് പാട്ടത്തിന് നൽകി. കാലവർഷത്തിൽ ഈ സ്ഥലം വാസയോഗ്യമല്ലാതായതോടെ ഒരു വർഷം മുൻപ് മുരിക്കാശേരിയിൽ വാടക വീട്ടിലേക്ക് മാറി.  ഇതിനിടെയാണ് രണ്ട് ദിവസം മുന്പ് ബാങ്കിൽ നിന്നും 4,64,173 രൂപയുടെ ജപ്തി നോട്ടിസ് ജയിംസിനു ലഭിച്ചത്.വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്ക് അധികൃതർ ജയിംസിനെ  നിരന്തരം വിളിച്ചിരുന്നു. ഇതേ തുടർന്ന് മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.   തിങ്കളാഴ്ച ഉച്ചയോടെ വാടക വീട്ടിൽ നിന്ന് പെരിഞ്ചാൻ കുട്ടി പ്ലാന്റേഷനിൽ എത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടുക്കിയിൽ കർഷക ആത്മഹത്യകൾ തുടർകഥയായതോടെ സർക്കാരിൽ നിന്ന് അടിയന്തര നടപടി ഉണ്ടായേ തീരുവെന്ന ആവശ്യമുയർന്നു കഴിഞ്ഞു. സംസ്ഥാന സർക്കാർ ഭരണനേട്ടങ്ങൾ എടുത്തുപറയുമ്പോഴാണ് മലയോര ജില്ലയിൽ കർഷരുടെ കണ്ണീരു മാത്രം വിളയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed