അതിർത്തിയിൽ സൈന്യത്തെ സജ്ജമാക്കി കേന്ദ്രസർക്കാർ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകളും

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ പ്രതിരോധ മന്ത്രിയുടെയും ആഭ്യന്ത്രമന്ത്രിയുടെയും നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. നിർമ്മലാ സീതാരാമനുമായുള്ള ചർച്ചയ്ക്ക് പിന്നാലെ രാജ്‍നാഥ് സിംഗിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം തുടരുകയാണ്. കര, വ്യോമ, നാവിക സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഐബി, റോ തലവന്‍മാർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതിർത്തിയിൽ സേനാവിന്യാസം എങ്ങനെ വേണം, എന്തെങ്കിലും പ്രകോപനമുണ്ടായാൽ എങ്ങനെ സൈന്യത്തെ സജ്ജമാക്കണം എന്ന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. ആവശ്യമുള്ള ആയുധങ്ങളും സേനാസന്നാഹങ്ങളും സൈന്യത്തിന് എത്തിക്കാനും തീരുമാനമായിട്ടുണ്ട്.
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളെ വധിച്ചു. ഷോപ്പിയാനിലെ മീമന്ദർ മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാ സേന ഇവിടെ തെരച്ചിൽ നടത്തിയത്. പഞ്ചാബ്, ഹരിയാന അതിർത്തിപ്രദേശങ്ങളിൽ സൈന്യം കനത്ത ജാഗ്രതയിലാണ്.
അതേസമയം അതിർത്തിയിൽ ഗ്രാമീണരെ മറയാക്കി പാകിസ്ഥാൻ മോർട്ടാർ ഷെല്ലാക്രമണം നടത്തുകയാണ്. ഉറി, പൂഞ്ച്, രജൗരി അടക്കമുള്ള മേഖലകളിലും വലിയ രീതിയിൽ ആക്രമണമുണ്ടായി. അതിർത്തിയിലെ പാക് സൈനികപോസ്റ്റ് ഇന്ത്യ ആക്രമിച്ച് തകർത്ത് തിരിച്ചടിച്ചു. ജനവാസമേഖലയിലേക്ക് ഏറ്റുമുട്ടലിന്‍റെ ആഘാതമുണ്ടാകാതിരിക്കാൻ ഇന്ത്യൻ സൈന്യം ശ്രദ്ധിക്കുന്നുണ്ട്.