ഇന്ത്യ–പാക്ക് ബന്ധം സമീപകാലത്തെ ഏറ്റവും മോശമായ നിലയില്‍


ന്യൂഡൽഹി : ഇന്ത്യ–പാക്ക് ബന്ധം സമീപകാലത്തെ ഏറ്റവും മോശമായ നിലയില്‍. ഭീകര പരിശീലന ക്യാംപ് തകര്‍ത്ത‌തിനെ അതിര്‍ത്തി കടന്നുള്ള ആക്രമണമായാണ് ഇസ്‌ലാമാബാദ് ചിത്രീകരിക്കുന്നത്. തുറന്ന യുദ്ധത്തിലേക്ക് പോകാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെങ്കിലും പുല്‍വാമ ആക്രമണവും തിരിച്ചടിയും കശ്മീര്‍ പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നാണ് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി കടന്നെത്തിയെന്നത് പാക്കിസ്ഥാനാണ് ആദ്യം സ്ഥിരീകരിച്ചത് എന്നതുതന്നെ സംഭവിച്ചത് ചെറുതല്ല എന്നു വ്യക്തമാക്കി. സാധാരണ ഗതിയില്‍ ആക്രമണങ്ങള്‍ നടന്നാലും നിഷേധിക്കാറുള്ള ഇസ്‌ലാമാബാദ് ആക്രമണം നടന്നതായി പറഞ്ഞു. ജയ്ഷെ മുഹമ്മദ് ഭീകര പരിശീലനക്യാംപിനു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നാണ് പാകിസ്ഥാൻ കുറ്റപ്പെടുത്തുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തെയോ ജനങ്ങളെയോ അല്ല ഭീകരതാവളത്തെയാണ് ലക്ഷ്യമിട്ടതെന്ന മറുപടിയാണ് ഇന്ത്യ നൽകിയത്.

ബാലാകോട്ടില്‍ ഭീകരപരിശീലന കേന്ദ്രങ്ങളുണ്ടെന്നതു രാജ്യാന്തര രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുള്ളതാണെന്ന കാര്യം ഇന്ത്യയ്ക്കു ബലമായി. അതിര്‍ത്തിയില്‍ വെടിവയ്പും പ്രകോപനങ്ങളും ഉണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ വഷളായതു പുല്‍വാമ ആക്രമണത്തോടെയാണ്.

You might also like

  • Straight Forward

Most Viewed