മലർവാടി ടീം വീണ്ടും ഒന്നിക്കുന്നു

കൊച്ചി: മലയാള സിനിമയ്ക്ക് അഞ്ച് പുതുമുഖ താരങ്ങളെയും ഒരു നവാഗത സംവിധായകനെയും സമ്മാനിച്ച ചിത്രമായിരുന്നു 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്. വിനീത് ശ്രീനിവാസൻ തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച മലർവാടിയിലൂടെ നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങനെ അഞ്ച് ചെറുപ്പക്കാരെയും കൂടി മലയാളസിനിമയിലേക്ക് കൈപ്പിടിച്ചു കയറ്റുകയായിരുന്നു. ഇപ്പോൾ ഒന്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലർവാടിയിലെ ആ പഴയ കൂട്ടുകാർ വീണ്ടുമൊന്നിക്കുകയാണ്. വിനീതിന്റെ സഹോദരനും നടനുമായ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് മലർവാടിക്കൂട്ടം വീണ്ടും ഒന്നിക്കുന്നത്. ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവർ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. മലർവാടിയിലെ താരങ്ങളായ നിവിൻ, അജു വർഗ്ഗീസ്, ഹരികൃഷ്ണൻ, ഭഗത്, ദീപക് എന്നിവർ ലവ് ആക്ഷൻ ഡ്രാമയുടെ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ചിത്രത്തിൽ ശ്രാവൺ ഇല്ല, അധികം വൈകാതെ ശ്രാവണും തങ്ങൾക്കൊപ്പം ജോയിൻ ചെയ്യുമെന്ന് ഇവർ പറയുന്നു. നിവിൻ പോളിയും നയൻ താരയുമാണ് ലവ് ആക്ഷൻ ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാന് നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയായെത്തുന്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്. അജു വർഗ്ഗീസും വിശാഖ് സുബ്രഹമണ്യവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലർവാടി താരങ്ങൾക്കൊപ്പം ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുതിയ നിയമം ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷാൻ റഹ്്മാനാണ് സംഗീതസംവിധായകൻ. പ്രദീപ് വർമ്മ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.