കോടതിവിധി വന്നെങ്കിലും മല്യയെ വിട്ടുകിട്ടാൻ വൈകിയേക്കും


ലണ്ടൻ : വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്നു ബ്രിട്ടിഷ് കോടതി ഉത്തരവിട്ടെങ്കിലും ഉടനെ ഇന്ത്യയിൽ തിരിച്ചെത്തിക്കുക എളുപ്പമാകില്ല. ബാങ്കുകളിൽനിന്നും 9000 കോടി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട്, ബ്രിട്ടനിൽ സുഖവാസം നടത്തുന്ന വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്നു ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി ഇന്നലെയാണ് ഉത്തരവിട്ടത്.

വിധി നടപ്പിലാക്കാൻ ഹോം സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. അതു സാധ്യമായാൽതന്നെ മേൽ കോടതികളെ അപ്പീലുമായി സമീപിച്ചു നടപടി വൈകിപ്പിക്കാം. വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ 14 ദിവസത്തെ സാവകാശമുണ്ട്. വിധികേൾക്കാൻ കോടതിയിലെത്തിയ മല്യ പ്രതികരിച്ചില്ലെങ്കിലും ലീഗൽ ടീം കോടതിവിധി വിശകലനം ചെയ്ത് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നു സാജിദ് ജാവിദ് പിന്നീടു വ്യക്തമാക്കി.

ബ്രിട്ടിഷ് –ഇന്ത്യൻ മാധ്യമപ്പടയുടെ ചോദ്യങ്ങൾക്കു ചെവികൊടുക്കാതെയാണു മല്യ വിധികേൾക്കാൻ കോടതിയിലെത്തിയത്. വിചാരണ നേരിടാനായി തന്നെ ഇന്ത്യയ്ക്കു കൈമാറണമെന്ന കോടതിയുടെ വിധി ശ്രവിച്ച മല്യ സൗമ്യനായി തന്നെയാണു കോടതിയിൽനിന്നും മടങ്ങി. 2016 മാർച്ചിലാണ് വിജയ് മല്യ ബാങ്കുകളെ കബളിപ്പിച്ച് ഇന്ത്യയിൽനിന്നും ലണ്ടനിലേക്കു മുങ്ങിയത്. പിന്നീട് സ്കോട്ട്ലൻഡ് യാർഡ് അറസ്റ്റുചെയ്ത മല്യ ഇപ്പോൾ ജാമ്യത്തിലാണ്. 2017 ഫെബ്രുവരിയിലാണു വിചാരണയ്ക്കായി മല്യയെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

You might also like

  • Straight Forward

Most Viewed