നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബ്രിട്ടനും അമേരിക്കയും അടക്കമുള്ള നാല് വിദേശ രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ന്യൂയോര്‍ക്കില്‍ നീരവ് മോദിക്കുണ്ടായിരുന്ന 216 കോടി മൂല്യം വരുന്ന അപ്പാര്‍ട്ട്മെന്റുകള്‍, 278 കോടി രൂപയുടെ അഞ്ച് ഓവര്‍സീസ് ബാങ്ക് അക്കൗണ്ടുകള്‍.ഹോങ്കോങ്ങിലുള്ള 22.69 കോടിവിലമതിക്കുന്ന വജ്ര ആഭരണശാല, 57 കോടി രൂപ മൂല്യമുള്ള ലണ്ടനിലെ ഫ്ളാറ്റ്, 19.5 കോടി രൂപ മൂല്യമുള്ള സൗത്ത് മുംബൈയിലെ ഫ്ളാറ്റ് 19.5 കോടി രൂപ മൂല്യമുള്ള സൗത്ത് മുംബൈയിലെ ഫ്ളാറ്റ് എന്നിവയുള്‍പ്പെടെയാണ് കണ്ടുകെട്ടിയിട്ടുള്ളത്.
ആദ്യമായാണ് ഒരു ഇന്ത്യന്‍ അന്വേഷണ ഏജന്‍സി പ്രതിയുടെ വിദേശത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത്. നീരവ് മോദിയുടെ ഇന്ത്യയിലേയും വിദേശത്തേയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആരംഭിച്ചത് സെപ്റ്റംബറിലാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് നീരവ് മോദി. അഴിമതി പുറത്തായതിന് പിന്നാലെ പണം വിദേശത്തുള്ള പല ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.