ശബരിമല: സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനം


തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.  സ്ത്രീകള്‍ക്ക് വിരിവെക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ നിലയ്ക്കലിലും എരുമേലി ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ഏര്‍പ്പെടുത്തും. എല്ലാ ക്യാമ്പുകളിലും സ്ത്രീകള്‍ക്ക് പ്രത്യേകം ശൗചാലയങ്ങള്‍ തയ്യാറാക്കും. സ്ത്രീകളുടെ ശൗചാലയങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കും. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുന്ന വഴിയിലും സ്ത്രീ സൗഹൃദ ശൗചാലയങ്ങള്‍ തയ്യാറാക്കും. പമ്പയില്‍ സ്ത്രീകള്‍ക്ക് സ്നാനത്തിനായി നിലവിലുള്ള കടവ് വിപുലമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്തര്‍ക്കായി നിലയ്ക്കലില്‍ ബേസ് ക്യാമ്പ് വിപുലീകരിക്കും.

ആദ്യ ഘട്ടത്തില്‍ 6,000 പേര്‍ക്ക് വിരിവെക്കാനുള്ള സാകര്യങ്ങളാണ് നിര്‍ദേശിച്ചിരുന്നത് എന്നാല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 10,000 പേര്‍ക്കുള്ള സൗകര്യമൊരുക്കാന്‍ തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു. തിരക്കൊഴിവാക്കാന്‍ ഡിജിറ്റല്‍ ബുക്കിങ് ഏര്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ഭക്തരും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കും. ഇതില്‍ 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. സ്ത്രീകളില്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് ആ സീറ്റുകള്‍ ഉപയോഗിക്കാമെന്നും കടകംപള്ളി പറഞ്ഞു. തിരക്കൊഴിവാക്കാന്‍ സന്നിധാനത്ത് താമസം ഒഴിവാക്കാനും ഭക്തരോട് മന്ത്രി ആവശ്യപ്പെട്ടു.  ദര്‍ശനത്തിന് ശേഷം മടങ്ങുകയാവും ഉത്തമം.വിശുദ്ധി സേനാംഗങ്ങളോടൊപ്പം സ്ത്രീകളേയും ഉള്‍പ്പെടുത്തും.

സുരക്ഷാ ആവശ്യത്തിനായി വനിതാ പോലീസിനെ നിയോഗിക്കും. വേണ്ടിവന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വനിതാ പോലീസിനെ വരുത്തും. സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ആവശ്യമില്ലെന്നും.ഇത്തവണത്തേത് പ്ലാസ്റ്റിക് രഹിത മണ്ഡലോത്സവമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

  • Straight Forward

Most Viewed