സ്ത്രീ പ്രവേശനം : സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട : ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. നീണ്ട വാദപ്രതിവദങ്ങള്‍ക്കുശേഷമാണു സുപ്രീം കോടതി കേസില്‍ തീര്‍പ്പു കല്‍പ്പിച്ചത്. ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം കോടതിയെ ധരിപ്പിച്ചിരുന്നതാനെന്നും കഴിഞ്ഞ കാലത്തെ ആചാരം തുടരണമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി പറഞ്ഞത്. വിധിപകര്‍പ്പ് കിട്ടിയാല്‍ ബോര്‍ഡ് ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോര്‍ഡ് നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും അതിനാൽ വിധി നടപ്പിലാക്കാതെ മറ്റു മാര്‍ഗമില്ലെന്നും പറഞ്ഞ പദ്മകുമാർ, കോടതി വിധി അംഗീകരിക്കുന്നുവെന്നും പറഞ്ഞു.
സ്ത്രീ പ്രവേശനം നടപ്പിലാക്കുമ്പോഴുള്ള പ്രശ്നങ്ങള്‍, സ്ത്രീകള്‍ക്കുള്ള സൗകര്യം എന്നീ കാര്യങ്ങളില്‍ സര്‍ക്കാരുമായി ആലോചിച്ചു വ്യക്തമായ നിലപാടു സ്വീകരിക്കും. പന്തളം കൊട്ടാരവുമായി ആലോചിച്ച് വിധി നടപ്പിലാക്കും. വിധി തിരിച്ചടിയാണോ എന്ന ചോദ്യത്തിന്, കോടതി തിരിച്ചടിക്കാന്‍ നില്‍ക്കുന്നവരല്ലല്ലോ എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് മറുപടി നൽകി. വിധിയില്‍ ബോര്‍ഡിന് ആശയും നിരാശയുമില്ല. യാഥാര്‍ഥ്യ ബോധത്തോടെ കാര്യങ്ങള്‍ ചെയ്യാനാണ് ബോര്‍ഡ് നില്‍ക്കുന്നത്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും പദ്മകുമാർ കൂട്ടിച്ചേർത്തു.
എന്നാൽ പൗരന്‍ എന്ന നിലയില്‍ വിധിയെ അംഗീകരിക്കുന്നുവെന്നും എന്നാൽ പഴയ ആചാരങ്ങള്‍ തുടരണം എന്നായിരുന്നു തന്ത്രിയെന്ന നിലയില്‍ തന്റെ ആഗ്രഹമെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക സൗകര്യം ഒരുക്കാന്‍ ഇപ്പോള്‍ കഴിഞ്ഞിട്ടില്ലെന്നും അക്കാര്യമുൾപ്പെടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായും അതു നടപ്പിലാക്കേണ്ടതു ദേവസ്വം ബോര്‍ഡാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണു വിധി വന്നിരിക്കുന്നത്. സ്ത്രീ പ്രവേശനം സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ എല്ലാതലത്തിലും നടന്നു. അതിന്റെ അവസാനം വന്ന വിധിയാണിത്. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലെടുക്കുന്നതിൽ തീരുമാനമെടുക്കേണ്ടതും ദേവസ്വം ബോർഡാണ്. ദേവസ്വം ബോര്‍ഡ് തീരുമാനിച്ച് സര്‍ക്കാരിനെ അറിയിച്ചാല്‍ ഉചിതമായ നടപടി എടുക്കുമെന്നും കടകം പള്ളി വ്യക്തമാക്കി.
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചത് മാനവസമൂഹത്തോടും ഭരണഘടനയോടും കാണിച്ച നീതിയാണെന്നു മന്ത്രി ജി.സുധാകരനും പ്രതികരിച്ചു. ഇന്ത്യക്ക് അഭിമാനിക്കാവുന്ന വിധിയാണിത്. ദേവസ്വം ബോർഡ് യാഥാസ്ഥികമായി രൂപീകരിച്ചിട്ടുള്ള ഒന്നാണ്. അതിൽ കാലികമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.