നിർഭയ കേസ് : പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. നാല് പ്രതികൾക്കും വധശിക്ഷ തന്നെ ലഭിക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിധിപ്രസ്താവിക്കുന്ന സമയത്ത് നിർഭയയുടെ മാതാപിതാക്കളും കോടതിയിലുണ്ടായിരുന്നു. വധശിക്ഷ ലഭിച്ചതിൽ മൂന്ന് പേർ മാത്രമേ പുനഃപരിശോധന ഹർജി നൽകിയിരുന്നുള്ളൂ.
ജനകീയവും രാഷ്ട്രീയവുമായ സമ്മർദ്ദം മൂലമാണ് സുപ്രീം കോടതിവിധി വധശിക്ഷ ശരിെവച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു. പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിംഗ് (31), പവൻ ഗുപ്ത (22) എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയിൽ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്ന് വധശിക്ഷ ശരിവെച്ചുകൊണ്ട് കഴിഞ്ഞ വർഷം മേയിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
2012 ഡിസംബർ 16-നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഡൽഹിയിൽ ഓടുന്ന ബസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. പെൺകുട്ടി പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയിൽ മരിച്ചു.