വായ്പാ തട്ടിപ്പ് : ബാങ്ക് ഒാഫ് മഹാരാഷ്ട്ര ചെയർമാൻ അറസ്റ്റിൽ

പൂനെ : രാജ്യത്ത് വീണ്ടും ബാങ്ക് വായ്പാത്തട്ടിപ്പ്. മൂവായിരത്തോളം കോടി രൂപയുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര ചെയർമാൻ രവീന്ദ്ര മറാഠേ ഉൾപ്പെടെ ആറുപേരെ പുനെ പോലീസ് അറസ്റ്റു ചെയ്തു. നിക്ഷേപത്തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന ഡി.എസ്. കുൽക്കർണിയുടെ ഡി.എസ്.കെ. ഗ്രൂപ്പിന് മാനദണ്ധങ്ങൾ മറികടന്ന് വായ്പ നൽകിയെന്ന കേസിലാണ് ബാങ്ക് മേധാവികൾ അറസ്റ്റിലായത്.
രവീന്ദ്ര മറാഠേക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മുൻ മാനേജിംഗ് ഡയറക്ടർ സുശീൽ മഹ്നോട്ട്, സോണൽ മാനേജർ നിത്യാനന്ദ ദേശ്പാണ്ധെ, എക്സിക്യുട്ടീവ് ഡയറക്ടർ ആർ.കെ. ഗുപ്ത, ഡി.എസ്. കുൽക്കർണിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് സുനിൽ ഗട്ട്പാന്ദേ, ഡി.എസ്.കെ. ഗ്രൂപ്പിന്റെ വൈസ് പ്രസിഡണ്ട്് രാജീവ് നെവാസ്കർ എന്നിവരാണ് അറസ്റ്റിലായത്.
കുൽക്കർണിയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു പുനെ പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനദണ്ധങ്ങൾ പാലിക്കാതെ കോടികൾ വായ്പ നൽകിയതായി കണ്ടെത്തുകയായിരുന്നു. കുൽക്കർണിയും ഭാര്യ ഹേമന്തിയും നാലായിരത്തിലേറെ നിക്ഷേപകരിൽ നിന്നായി 1154 കോടി രൂപ തട്ടിയെടുക്കുകയും 2892 കോടിയുടെ വായ്പ വകമാറ്റുകയും ചെയ്തെന്ന കേസിലാണ് അറസ്റ്റിലായത്.