6000 കോടി രൂപയുടെ തട്ടിപ്പ് : വിജയ് മല്യക്കെതിരേ വീണ്ടും അറസ്റ്റ് വാറണ്ട്

മുംബൈ : കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യക്കെതിരേ വീണ്ടും അറസ്റ്റ് വാറണ്ട്. മുംബൈയിലെ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിച്ച് 6000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് കോടതിയുടെ നടപടി. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കോടതി ജഡ്ജി എം.എസ് ആസ്മിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഇതിന് പുറമെ, മല്യയുടെ വിമാനകന്പനിയായ കിംങ് ഫിഷർ എയർലൈൻസിനും, യുണൈറ്റഡ് ബ്രിവറീസ് ഹോൾഡിംങ്സ് ലിമിറ്റഡിനും കോടതി നോട്ടീസ് അയച്ചു. കേസ് ജൂലൈ 30ന് പരിഗണിക്കാനായി മാറ്റി. മല്യയുടെ ഉടമസ്ഥതയിലുള്ള കന്പനികൾക്കെതിരേയും എൻഫോഴ്സ്മെന്റ് കുറ്റപ്പത്രം നൽകിയിട്ടുണ്ട്.
കിംങ് ഫിഷർ എയർലൈൻസിനായി ഐ.ഡി.ബി.ഐ ബാങ്കിൽ നിന്നെടുത്ത 900 കോടിയുടെ വായ്പ തിരിച്ചടക്കാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് മല്യക്കെതിരേ ആദ്യ കുറ്റപ്പത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 6000 കോടി രൂപ വായ്പ എടുക്കുകയും തിരിച്ചടക്കാതിരിക്കുകയും ചെയ്ത കേസിൽ എസ്.ബി.ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കുറ്റപ്പത്രം നൽകിയിരിക്കുന്നത്.
വിദേശ വിനിമയ നിയന്ത്രണ നിയമം(ഫെറ) ലംഘിച്ചുവെന്ന കേസിൽ മല്ല്യയെ ഡൽഹി ചീഫ് മെട്രോപൊളിറ്റൻ കോടതിനേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കേസിലാണ് വിജയ് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ലണ്ടനിലും യൂറോപ്പിലുമായി നടന്ന ഫോർമുല വൺ കാറോട്ട മത്സരത്തിനിടെ കിംങ് ഫിഷർ കന്പനിയുടെ ലോഗോ പ്രദർശിപ്പിക്കുന്നതിന് ബ്രിട്ടീഷ് കന്പനിക്ക് 200000 ഡോളർ നൽകിയതിനാണ് മല്ല്യക്കെതിരെ ഫെറ നിയമ പ്രകാരം കേസെടുത്തത്.