18,000 കേന്ദ്രങ്ങളിൽക്കൂടി ആധാർ എന്റോൾമെന്റ് സൗകര്യം ആരംഭിക്കും

ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലായി 18,000 ആധാർ എന്റോൾമെന്റ് കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. ജനങ്ങൾക്ക് ബയോമെട്രിക് ഐ.ഡി പുതുക്കാനും പുതിയവ എടുക്കാനും ഈ കേന്ദ്രങ്ങളിൽ കൂടി കഴിയുമെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ അജയ് ഭൂഷൻ പാണ്ധെ പറഞ്ഞു. പത്ത് ബ്രാഞ്ചുകളിൽ ഒന്നിലെങ്കിലും ആധാർ സൗകര്യം ഒരുക്കണമെന്ന് രാജ്യത്തെ പൊതു−സ്വകാര്യമേഖലാ ബാങ്കുകൾക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) നിർദേശം നല്കിയിരുന്നു.
ഏകദേശം 26,000 ബ്രാഞ്ചുകളിൽ ആധാർ സൗകര്യമൊരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 18,000ൽപ്പരം ബ്രാഞ്ചുകളിൽ ജൂലൈ മുതൽ പുതിയ സൗകര്യം പ്രവർത്തനം തുടങ്ങുമെന്നും പാണ്ധെ പറഞ്ഞു. ബാങ്ക് ആധാർ കേന്ദ്രങ്ങളിൽ ബാങ്ക് അക്കൗണ്ടിനാവശ്യമായ ആധാർ വേരിഫിക്കേഷൻ നടപടികൾ സുരക്ഷിതമായ സാഹചര്യങ്ങളിൽ പൂർത്തിയാക്കാൻ കഴിയും.