ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്കില്ല : സമരം അവസാനിപ്പിച്ച കേജരിവാൾ അവധിയിൽ

ന്യൂഡൽഹി : ഗവർണർക്കെതിരായ സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അവധിയിൽ പ്രവേശിച്ചു. പത്ത് ദിവസത്തെ അവധിക്കാണ് അദ്ദേഹം അപേക്ഷ നൽകിയിട്ടുള്ളത്. പ്രമേഹ ചികിത്സയ്ക്കായി കേജരിവാൾ ബംഗളുരുവിലേക്കു പോകും. മുന്പും കേജരിവാൾ ബംഗളുരുവിൽ നാച്ചുറോപ്പതി ചികിത്സയ്ക്കു വിധേയനായിരുന്നു.
സമരം അവസാനിപ്പിച്ചതിനു പിന്നാലെ ഡൽഹി മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ ഇരുപതോളം കൂടിക്കാഴ്ചകൾ നടന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി കൂടിക്കാഴ്ചകൾക്കു ഉണ്ടായിരുന്നില്ല.
ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ ശേഷമായിരിക്കും അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുക. സർക്കാരുമായി നിസഹകരണത്തിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രശ്നം പരിഹരിക്കാമെന്ന് ലഫ്. ഗവർണർ അനിൽ ബൈജാൽ ഉറപ്പു നൽകുകയും ഡൽഹി മന്ത്രിമാർ വിളിച്ച യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തതോടെയാണ്, ലഫ്. ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ ഒന്പത് ദിവസമായി നടത്തിവന്ന കുത്തിയിരിപ്പ് സമരം കേജരിവാൾ അവസാനിപ്പിച്ചത്.