ബ്രിട്ടന് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി : ബ്രിട്ടന് മുന്നറിയിപ്പുമായി ഇന്ത്യ. വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി നീരവ് മോദി ബ്രിട്ടനിൽ അഭയം പ്രാപിച്ചെന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത താവളമായി ബ്രിട്ടൻ മാറിത്തീരരുതെന്ന് യു.കെ മന്ത്രി ബറോനസ് വില്യംസിനോട് കേന്ദ്ര സഹമന്ത്രി കിരൺ റിജിജു സൂചിപ്പിച്ചു. വിജയ് മല്യയ്ക്ക് പിന്നാലെ നീരവ് മോദിയും ബ്രിട്ടനിൽ അഭയം തേടിയതോടെയാണ് ഇക്കാര്യത്തിലെ അതൃപ്തി ഇന്ത്യ അറിയിച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യ കോടതിയെ ബഹുമാനിക്കുന്നതായും നിയമപരമായ രീതിയിൽ കുറ്റവാളികളെ രാജ്യത്തേക്ക് മടക്കികൊണ്ടുവരാൻ പരിശ്രമിക്കുമെന്നും റിജിജു പറഞ്ഞു.
നീരവ് മോദിയേയും മല്യയേയും മടക്കി കൊണ്ടുവരാനുള്ള ഇന്ത്യൻ സർക്കാരിന്റെ പരിശ്രമങ്ങളോട് ബ്രിട്ടൻ പൂർണമായും സഹകരിക്കുമെന്ന് ബറോനസ് വില്യംസും അറിയിച്ചു.