ബി.ജെ.പിക്കെതിരെയുള്ള കോൺഗ്രസ് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഭോപ്പാൽ : മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ വ്യാജവോട്ടർമാരെ തിരുകിക്കയറ്റിയെന്ന കോൺഗ്രസ്സിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടർ പട്ടികയിൽ വ്യാജവോട്ടർമാർ ഇല്ലെന്നും എന്നാൽ പട്ടികയിൽ ഇരട്ടിപ്പ് ഉണ്ടായിട്ടുള്ളതായും കമ്മീഷൻ കണ്ടെത്തി. മരിച്ചവരുടെ പേരുകൾ നീക്കം ചെയ്യാത്തതും താമസം മാറിയവർക്ക് രണ്ടിടത്തും വോട്ട് ഉള്ളതുമാണ് ഇരട്ടിപ്പായി കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാൽ തന്നെയും ഇത്തരത്തിലുള്ള ഇരട്ടിപ്പുകളിൽ ഭൂരിപക്ഷവും നീക്കം ചെയ്തായും കമ്മീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2015−16ൽ 68 ലക്ഷത്തോളം ഇരട്ടിപ്പുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം ഇത് 7 ലക്ഷത്തിലേക്ക് ചുരുങ്ങിയതായും പറയുന്നു. കോൺഗ്രസ്സിന്റെ ആരോപണം അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടംഗങ്ങൾ ഉൾപ്പെടുന്ന നാല് ടീമിനെയാണ് നിയോഗിച്ചിരുന്നത്. ബി.ജെ.പി സർക്കാർ 230 നിയമസഭാ മണ്ധലങ്ങളിലായി 60 ലക്ഷത്തോളം വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.