റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റ് ഇനി മുതൽ മറ്റൊരാൾക്ക് കൈമാറാം

ന്യൂഡൽഹി : പല അസൗകര്യങ്ങൾ കൊണ്ടും റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകൾ നമ്മളിൽ പലർക്കും യാത്രയുടെ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. റിസർവ് ചെയ്ത ടിക്കറ്റിൽ എന്തെങ്കിലും കാരണം കൊണ്ട് യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഈ ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാനുള്ള സൗകര്യമാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്. റെയിൽവേ അഡ്മിനിസ്ട്രേഷന്റെ അധികാരമുള്ള റിസർവേഷൻ സൂപ്പർവൈസർമാർക്കാണ് ഇതിനുള്ള അധികാരം.
ഒരു വ്യക്തിക്ക്, തനിക്കുറപ്പായ ടിക്കറ്റ് മറ്റൊരു കുടുംബത്തിന് കൈമാറാൻ സാധിക്കും. ഇത് കുടുംബത്തിലെ അച്ഛനോ അമ്മയ്ക്കോ സഹോദരനോ സഹോദരിക്കോ ആവാം. എന്നാൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്പായി ഈ വ്യക്തി ഇന്ത്യൻ റെയിൽവേയ്ക്ക് ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിക്കണമെന്ന് മാത്രം. ഒരു വിവാഹപാർട്ടിയുടെ ഭാഗമായുള്ള യാത്രക്കാരനാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്പ് എഴുതിയ അപേക്ഷയ്ക്കൊപ്പം ട്രെയിൻ ടിക്കറ്റ് ആ സംഘത്തിലെ മറ്റൊരാൾക്ക് നൽകാം.
ഒരു വിദ്യാർത്ഥിയ്ക്ക് അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാർത്ഥിയ്ക്ക് ട്രെയിൻ ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കിൽ സ്ഥാപന മേധാവിയുടെ അനുമതി ലഭിച്ചിരിക്കണം. സർക്കാർ ഉദ്യോഗസ്ഥർക്കും ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കിൽ ട്രെയിൻ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്പ് അപേക്ഷ സമർപ്പിച്ച് ടിക്കറ്റ് ആവശ്യക്കാർക്ക് കൈമാറാം. എന്നാൽ ഒരിക്കൽ മാത്രമേ ടിക്കറ്റ് കൈമാറാനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ എന്ന് റെയിൽവേ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.