സിംഗ് സഹോദരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി : ഫോർടിസ് ഹെൽത്ത കെയറിന്‍റെ പ്രൊമോട്ടർമാരായ മൽവിന്ദർ സിംഗ്, ശിവിന്ദർ സിംഗ് എന്നീ സിംഗ് സഹോദരന്മാരുടെ ആർ.എച്ച്.സി ഹോൾഡിംഗ്സിന്‍റെയും ഓസ്കർ ഇൻവെസ്റ്റ്മെന്‍റ്സിന്‍റെയും മുഴുവൻ സ്വത്തുക്കളും ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കണ്ടുകെട്ടി. കന്പനികളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ, ശന്പളം നല്കാൻ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്.
ഇരുവരുടെയും ഉടമസ്ഥതയിലുള്ള റാൻബാക്സി ലബോറട്ടറീസ് എന്ന കന്പനിയുടെ വില്പനയുമായി ബന്ധപ്പെട്ട് സിംഗപ്പൂർ കോടതിയിൽ ജാപ്പനീസ് കന്പനിയായ ഡൈഇച്ചി സാൻക്യോ സമർപ്പിച്ച ഹർജിയുടെ ബാക്കിപത്രമായാണ് ഡൽഹി ഹൈക്കോടതിയുടെ വിധി.
2008ൽ സിംഗ് സഹോദരന്മാരുടെ റാൻബാക്സി ലബോറട്ടറീസ് എന്ന മരുന്ന് കന്പനിയുടെ 34.82 ശതമാനം ഓഹരികൾ 240 കോടി ഡോളറിന് ഡൈഇച്ചിക്ക് വിറ്റിരുന്നു. എന്നാൽ, അമേരിക്കയുടെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) റാൻബാക്സിയുടെ നിരവധി ഔഷധങ്ങളുടെ വില്പനാനുമതി റദ്ദാക്കിയതും ഫാക്ടറികൾക്കു വിലക്കേർപ്പെടുത്തിയതും മറച്ചുവച്ചുള്ള ഇടപാടായതിനാൽ സഹോദരന്മാർക്കെതിരെ ഡൈഇച്ചി കേസ് കൊടുത്തു. ഈ കേസിൽ സിംഗപ്പൂർ കോടതി സിംഗ് സഹോദരന്മാർക്ക് 3,500 കോടി രൂപയുടെ പിഴശിക്ഷ വിധിച്ചു. കൂടാെത, 2014ൽ ഈ വിധി നടപ്പാക്കാൻ ജാപ്പനീസ് കന്പനി ഇന്ത്യയിലും കേസ് നൽകി. ഇതാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നടപ്പാക്കിയിരിക്കുന്നത്. ബാധ്യത കൊടുത്തുതീർക്കാൻ വൈകുന്തോറും 50 ലക്ഷം രൂപ വീതം പലിശ നൽകാനും ഡൽഹി ഹൈക്കോടതി വിധിച്ചിട്ടുണ്ട്.