അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾക്ക് 40 വയസ്


ന്യൂ ഡൽഹി: ഇരുണ്ട ദിനങ്ങളുടെ ഓര്‍മ്മയില്‍ രാജ്യം. എല്ലാ ഭരണചട്ടങ്ങളും ലംഘിച്ചാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വസതിയില്‍ അടിയന്തരാവസ്ഥയ്ക്കുള്ള കരുനീക്കങ്ങള്‍ നടന്നതെന്ന് അടുത്തിടെ പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. 1975 ജൂണ്‍ ഇരുപത്തിനാലിന് ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ അലഹബാദ് ഹൈക്കോടതി വിധി. ഇതിനെതിരെ അപ്പീല്‍ പരിഗണിച്ചത് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ആയിരുന്നു . ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാത്ത കൃഷ്ണയ്യര്‍ പ്രധാനമന്ത്രി സ്ഥാനത്ത് ഇന്ദിരാഗാന്ധിക്ക് തുടരാം എന്ന് വിധിച്ചു.
അടുത്ത ദിവസം രാംലീല മൈതാനിയില്‍ ജയപ്രകാശ് നാരായണന്റെ പ്രസംഗം കേള്‍ക്കാന്‍ ലക്ഷങ്ങള്‍ ഒഴുകി. ഇതാ ജനങ്ങള്‍ വരുന്നു സിംഹാസനം ഒഴിയൂ എന്ന കവിതാശകലം ജെപി ചൊല്ലിയപ്പോള്‍ ദില്ലി വിറച്ചു. ഇന്ദിരാഗാന്ധിയുടെ സഫ്ദര്‍ജംഗ് റോഡ് വസതിയിലെ ഓരോ മുറിയും ഗൂഢനീക്കങ്ങള്‍ക്ക് വേദിയായി. അവിടെ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ബന്‍സിലാല്‍, ആഭ്യന്തര സഹമന്ത്രി ഓം മേത്ത, ആര്‍ കെ ധവാന്‍ പി,സഞ്ജയ്‌ ഗാന്ധി എന്നിവർ സന്നിഹിതരായി .

മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇന്ദിരാഗാന്ധി സ്ഥിതി വിലയിരുത്തുമ്പോള്‍ ആ രാത്രി ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്ന പട്ടികയുണ്ടാക്കുകയായിരുന്നു സഞ്ജയ്ഗാന്ധി. ദില്ലി ചീഫ് സെക്രട്ടറിയെ തീഹാര്‍ ജയിലിലേക്കയച്ച് എത്ര പേരെ അവിടെ അടയ്ക്കാം എന്ന് പരിശോധിച്ചു. 200 നാഗാ റിബലുകളെ ഉടന്‍ എത്തിക്കും എന്നായിരുന്നു ജയില്‍ ജീവനക്കാര്‍ക്ക് നല്കിയ സന്ദേശം.

നിയമ വിഷയങ്ങളിൽ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ആയിരുന്നു ഇന്ദിരയുടെ പ്രധാന ഉപദേശകന്‍. രാത്രി പത്ത് പതിനഞ്ചിന് ആഭ്യന്തര മന്ത്രി ബ്രഹ്മാനന്ദ റെഡ്ഡിയെ വിളിച്ചു വരുത്തി കടുത്ത നടപടിക്കുള്ള ഒരു ശുപാര്‍ശ ഇന്ദിര എഴുതി വാങ്ങി. ലെറ്റര്‍ പേഡ് എടുത്തു കൊണ്ടുവരാന്‍ സമയം ഇല്ലാത്തതിനാല്‍ വെള്ള കടലാസിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ. ഇതും ഉള്‍പ്പെടുത്തി പതിനൊന്ന് മണിക്കു മുമ്പ് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന് രഹസ്യ ഫയല്‍ കൊണ്ടു കൊടുത്തു. പത്രമാപ്പീസുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ഹൈക്കോടതികള്‍ പൂട്ടിയിടാനുമുള്ള നിര്‍ദ്ദേശം സഞ്ജയ് ഗാന്ധി നല്കി.

You might also like

Most Viewed