തീക്കാറ്റ്: അന്വേഷണത്തിനായി ദുരന്ത നിവാരണ അതോറിറ്റി കോഴിക്കോടെത്തുന്നു

കോഴിക്കോട്: കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഉണ്ടായ തീക്കാറ്റിനെക്കുറിച്ച് പഠിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി സംഘമെത്തും. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ഇതുവരെ ഇത്തരം പ്രതിഭാസം കണ്ടിട്ടില്ലാത്തതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍ ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. തീക്കാറ്റുണ്ടായ പ്രദേശങ്ങള്‍ അടുത്ത ആഴ്ച സംഘം സന്ദര്‍ശിക്കും.
കണ്ണൂരില്‍ മുഴുപ്പിലങ്ങാട് ബീച്ച്, എഴര, തോട്ടട കടപ്പുറം, ആദികടലായി, കണ്ണൂര്‍ ബേബി ബീച്ച്, പുതിയങ്ങാടി, മാട്ടൂര്‍ തീരങ്ങളിലും കോഴിക്കോട് ജില്ലയിലെ മന്ദമംഗലം, കൊയിലാണ്ടി, ഒഞ്ചിയം തുടങ്ങിയ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം തീക്കാറ്റടിച്ചത്. ചൂടുകാറ്റില്‍ പ്രദേശത്തെ ചെടികളും മരങ്ങളും കരിഞ്ഞുണങ്ങിയിരുന്നു. തുടര്‍ച്ചയായി മഴ ഉണ്ടായിരുന്നെങ്കിലും കാറ്റടിക്കുമ്പോള്‍ ചൂട് അനുഭവപ്പെട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.