സ്വിറ്റ്സർലൻഡിലെ ഫോറം സമ്മേളനത്തിൽ മോദി പങ്കെടുക്കും

ന്യൂഡൽഹി : സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടക്കുന്ന ആഗോള സാന്പത്തിക ഫോറം സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജനുവരി 23 മുതൽ 26 വരെ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം വാർഷിക സമ്മേളനത്തിന്‍റെ 48 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഡാവോസ് സന്ദർശനത്തിനു ചുക്കാൻ പിടിക്കുന്നത് രണ്ടു മലയാളികളാണ്. സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡറായി കഴിഞ്ഞ മാസം ചുമതലയേറ്റ പാലാ പൊടിമറ്റം കുടുംബാംഗമായ സിബി ജോർജിനാണ് മോദിയുടെ ഡാവോസ് സന്ദർശനത്തിന്‍റെ മുഖ്യചുമതല.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തിരക്കിലായതിനാൽ ജനുവരി 26ന് സമാപിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാറില്ല. അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തിൽ പതിവിനു വിപരീതമായി ഒരാൾക്കു പകരം പത്തു രാഷ്‌ട്രത്തലവന്മാരെയാണ് മുഖ്യാതിഥികളായി മോദി ഡൽഹിയിലേക്കു ക്ഷണിച്ചിരിക്കുന്നത്. മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ഇന്തോനേഷ്യ, മ്യാൻമർ, തായ്‌ലൻഡ്, ബ്രൂണെ, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നീ ആസിയാൻ രാഷ‌്ട്രങ്ങളുടെ തലവന്മാരാണ് 2018ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥികളായെത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം രാഷ‌്ട്രത്തലവന്മാർ റിപ്പബ്ലിക് ദിനാഘോഷത്തിനെത്തുന്നത്. പത്തു രാഷ‌്ട്രത്തലവന്മാർ എത്തുന്ന തിരക്കിനിടയിലും ഡാവോസിലെ സാന്പത്തിക ഫോറം സമ്മേളനത്തിൽ പങ്കെടുക്കാൻ മോദി തീരുമാനിക്കുകയായിരുന്നു.