എഞ്ചിനിയർമാരെ തേടി ആപ്പിൾ ഇന്ത്യയിലേക്ക്

ന്യൂഡൽഹി : ആഗോള ഐ.ടി കന്പനികൾ ഇന്ത്യയിലെ എഞ്ചിനിയർമാരെ നോട്ടമിടുന്പോൾ ഇതുവരെ തിരിഞ്ഞുനോക്കാതിരുന്ന ആപ്പിൾ കന്പനിക്കും മനംമാറ്റം വന്നുതുടങ്ങി.
എഞ്ചിനീയർമാരെ തേടി ആപ്പിൾ ഇന്ത്യയിലേക്കു വരുന്നു. റിക്രൂട്ട്മെന്‍റിനായി ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐ.ഐ.ഐ.ടി-എച്ച്) ആപ്പിൾ അധികൃതർ എത്തുമെന്നാണ് റിപ്പോർട്ട്. ഏതു വിധത്തിലുള്ള ഉദ്യോഗാർത്ഥികളെയാണ് ആപ്പിൾ തെരഞ്ഞെടുക്കുന്നതെന്നു വ്യക്തമല്ലെന്ന് ഐ.ഐ.ഐ.ടി-എച്ച് പ്ലേസ്മെന്‍റ് മേധാവി ടി.വി ദേവി പ്രസാദ് പറഞ്ഞു. ബി ടെക്, എം ടെക്, എം.എസ്‌സി വിഭാഗങ്ങളിൽനിന്നായി 350 വിദ്യാർത്ഥികൾ ആപ്പിളിന്‍റെ ഇന്‍റർവ്യൂവിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആപ്പിളിനെ കൂടാതെ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഫിലിപ്സ് തുടങ്ങിയ കന്പനികളും ഐ.ഐ.ഐ.ടി.എച്ചിൽ പ്ലേസ്മെന്‍റ് ഡ്രൈവിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്‍റർവ്യൂ അടുത്ത മാസം നടക്കും.