പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ നാളെ ഹർത്താൽ

തൃശ്ശൂർ : ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച ഹർത്താൽ. ഹിന്ദു ഐക്യവേദിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയായിരിക്കും ഹർത്താൽ. ഹൈന്ദവ സംഘടകളുടെ എതിർപ്പ് അവഗണിച്ച് വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കൽ.
അന്തിത്തിരിയോ നിത്യപൂജയോ ഇല്ലാതെ അര നൂറ്റാണ്ട് ജീർണ്ണിച്ചു കിടന്നിരുന്ന ക്ഷേത്രം ഭക്തരുടെയും സംഘടനകളുടെയും പ്രവർത്തനത്തിലൂടെ അഭിവൃദ്ധിയിലെത്തിയപ്പോൾ ദേവസ്വം ബോർഡ് ക്ഷേത്രം പിടിച്ചെടുക്കുകയായിരുന്നു. 1972 ലെ ശക്തമായ കാറ്റിലും മഴയിലും മേൽക്കൂര ഇടിഞ്ഞു വീണു. മനംനൊന്ത തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നന്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്രം പുനർ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചു.
അഡ്വ.പി.വി. രാധാകൃഷ്ണ അയ്യർ, അഡ്വ.എൻ. ദാമോദരമേനോൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. 1973ൽ സൊസൈറ്റി ആക്ട് പ്രകാരം റജിസ്‌ട്രേഷൻ നടത്തി പ്രവർത്തനം ആരംഭിച്ചു. 1981ൽ പുനർനിർമ്മാണം പൂർത്തിയാക്കി. നിർമ്മാണത്തിന് വേണ്ടി സിലോൺ റേഡിയോയിൽ പരസ്യം നൽകിയാണ് ധനം ശേഖരിച്ചത്.