‘വി.ഐ.പി’ വിമാനങ്ങളുടെ തിരക്ക് : ഡൽഹിയിൽ നിരവധി വിമാനങ്ങൾ വൈകി

ന്യൂഡൽഹി : ‘വി.ഐ.പി’ വിമാനങ്ങളുടെ തിരക്കു മൂലം ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരച്ചു വിടുകയും വൈകുകയും ചെയ്തു. വി.ഐ.പികൾക്കായുള്ള ചാർട്ടേഡ് വിമാനങ്ങൾ എത്തിയതോടെയാണ് സ്ഥിരം യാത്രക്കാർ ബുദ്ധിമുട്ടിലായത്. ശനിയാഴ്ച വൈകീട്ട് 5.30 മുതൽ 6.15 വരെ ആയിരുന്നു നിയന്ത്രണം. ഇതുമൂലം മണിക്കൂറോളമാണ് വിമാനങ്ങൾ വൈകിയത്.
ജെറ്റ് എയർവെയ്സ്, സ്പൈസ് ജെറ്റ് അടക്കമുള്ളവ ട്വിറ്ററിലൂടെയാണ് വിമാന സർവീസുകൾ തടസപ്പെട്ടതായി യാത്രക്കാരെ അറിയിച്ചത്.
വിമാനത്താവളത്തിലെത്തേണ്ട 90 ആഭ്യന്തര സർവീസുകൾ വൈകുകയോ വഴിതിരിച്ചു വിടുകയോ ചെയ്തതായി രാത്രി ഒന്പതുമണിക്ക് ഡൽഹി വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിരുന്നു. വിവിധ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവർ വിമാനത്താവളത്തിൽ എത്തിയതോടെ ജനത്തിരക്കുമേറി.