കാസർഗോഡ്-ബംഗളൂരു റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവ്വീസ് വെട്ടിച്ചുരുക്കി

കാസർഗോഡ് : കാൽനൂറ്റാണ്ടിലേറെയായി കാസർഗോഡ് നിന്നു ബംഗളൂരുവിലേക്കു പ്രതിദിന സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഡീലക്സ് ബസ് ആഴ്ചയിൽ രണ്ടുദിവസമായി വെട്ടിച്ചുരുക്കി. കാസർഗോഡ് ഡിപ്പോയിൽ നിന്നു ബംഗളൂരുവിലേക്കുള്ള ഏക കെ.എസ്.ആർ.ടി.സി ബസ്
സർവ്വീസാണിത്. ഒന്നു മുതൽ ഇതു പ്രാബല്യത്തിലാകും.രാത്രി എട്ടിനു പുറപ്പെട്ടു മംഗളൂരു, ഹാസൻ വഴി ബംഗളൂരുവിലെത്തുന്ന ബസ് വരുമാനക്കുറവു കാരണമാണ് സർവ്വീസ് പരിമിതപ്പെടുത്തുന്നത്.
അധികൃതരുടെ അനാസ്ഥയാണ് വരുമാനക്കുറവിന് ഇടയാക്കുന്നതെന്ന പരാതികൾ പരിഹരിക്കാതെയാണ് ഡിപ്പോ അധികൃതർ പോലും അറിയാതെ സർവ്വീസ് വെട്ടിച്ചുരുക്കിയത്. സർവ്വീസ് കാര്യക്ഷമമാക്കുന്നതിനും യാത്രക്കാർക്കു കൂടുതൽ സൗകര്യമേർപ്പെടുത്താത്തതുമാണ് വരുമാനക്കുറവിനിടയാക്കുന്നത്. ഈ ബസ് സർവ്വീസിനെക്കുറിച്ച് മിക്ക യാത്രക്കാർക്കും അറിവില്ല.
ഇതേക്കുറിച്ചു വിവരം നൽകാൻ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡിപ്പോകളിൽ പ്രത്യേക കൗണ്ടർ പോലുമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. സ്വകാര്യ ബസുടമകളെ സഹായിക്കുന്ന സമീപനമാണ് കെ.എസ്.ആർ.ടി.സി അധികൃതരുടേതെന്ന പരാതിയാണ് യാത്രക്കാർക്ക്.
അതിനിടെ ചെർക്കള, സുള്ള്യ, മടിക്കേരി വഴി ബംഗളൂരുവിലേക്കു ദിവസേനയുള്ള എയർബസ് സർവ്വീസ് ഒരാഴ്ചയ്ക്കകം തുടങ്ങുമെന്നു ഡിപ്പോ അധികൃതർ പറഞ്ഞു.