ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 9, 14 തീയതികളിൽ

ന്യൂഡൽഹി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 9, 14 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ നേരത്തെ പ്രഖ്യാപിച്ച ഹിമാചൽപ്രദേശിലെ വോട്ടെണ്ണൽ ദിവസമായ ഡിസംബർ 18ന് ആയിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
182 മണ്ധലങ്ങളാണ് ഗുജറാത്തിലുള്ളത്. ഡിസംബർ ഒന്പതിന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 89 മണ്ധലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. പതിനാലിന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ 93 മണ്ധലങ്ങളുടെ ജനവിധി കുറിക്കപ്പെടും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വോട്ടു ചെയ്തത് ആർക്കെന്ന് കണ്ട് ബോധ്യപ്പെടാവുന്ന വിപിപാറ്റ് സംവിധാനവും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. 182 മണ്ധലങ്ങളിലെ വോട്ടെടുപ്പിനായി 50,128 പോളിംഗ് ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിക്കുന്നത്. ഇതിൽ 102 ബൂത്തുകളുടെ പൂർണ നിയന്ത്രണം സ്ത്രീകൾക്ക് മാത്രമായിരിക്കും. വോട്ടു ചെയ്യുന്ന സ്ഥലത്തു സ്ഥാപിക്കുന്ന ‘മറ’യുടെ ഉയരം 24ൽ നിന്ന് 30 ഇഞ്ചായി ഉയർത്തും. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണിത്. 28 ലക്ഷം രൂപയായിരിക്കും ഒരു സ്ഥാനാർത്ഥിക്ക് മുടക്കാൻ പറ്റുന്ന പരമാവധി തുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ജനുവരി 23−നാണ് നിലവിലെ ഗുജറാത്ത് സർക്കാരിന്‍റെ കാലാവധി അവസാനിക്കുക. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസും −ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടും. നേരത്തെ, ഗുജറാത്തിനെ ഒഴിവാക്കി ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പു തീയതി മാത്രം പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഡിസംബറിൽ തിരഞ്ഞെടുപ്പു നടക്കേണ്ട ഗുജറാത്തിനുവേണ്ടി പ്രധാനമന്ത്രി വന്പൻ പ്രഖ്യാപനങ്ങൾ നടത്താനിരിക്കുന്നത് കൊണ്ടാണു തിരഞ്ഞെടുപ്പു വിജ്ഞാപനം വൈകിച്ചതെന്നായിരുന്നു വിവിധ പ്രതിപക്ഷ കക്ഷികൾ ആരോപിച്ചത്. നവംബർ പകുതിയോടെ മഞ്ഞ് വീഴ്ച രൂക്ഷമാകുന്നതിനാൽ വോട്ടെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് നേരത്തെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഹിമാചലിനൊപ്പം ഗുജറാത്തിലെ തീയതി പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് രണ്ട് മാസം മുന്പേ നിലവിൽ വരുമെന്നും കമ്മീഷൻ നിലപാടെടുത്തിരുന്നു. ഹിമാചൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് തവണ ഗുജറാത്തിൽ എത്തുകയും വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിനിടെ ഗുജറാത്തിൽ ബി.ജെ.പി തന്നെ അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേ. സംസ്ഥാനത്തെ 182 നിയമസഭാ മണ്ധലങ്ങളിൽ 115 മുതൽ 125 സീറ്റുകൾ വരെ ബി.ജെ.പി നേടുന്പോൾ 57 മുതൽ 67 സീറ്റു വരെയായിരിക്കും കോൺഗ്രസിനെന്നാണ് സർവേ പറയുന്നത്. ബി.ജെ.പി 48 ശതമാനം വോട്ടും കോൺഗ്രസ് 38 ശതമാനം വോട്ടുകളും നേടും എന്നും ദളിത് നേതാവ് അൽപേഷ് ഠാക്കൂറിന്റെയും ജിഗ്‌നേഷ് മേവാനിയുടേയും പിന്തുണ കോൺഗ്രസിന് നില മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്നും സർവേ പറയുന്നു.