കർണാടകത്തിലെ ബൈക്കുകളിൽ പിൻസീറ്റ് യാത്ര നിരോധിക്കാൻ നീക്കം

ബംഗളൂരു : കർണാടകത്തിലെ ബൈക്കുകളിൽ പിൻ സീറ്റ് യാത്ര നിരോധിക്കാൻ സർക്കാർ നീക്കം. 100 സി.സിയിൽ താഴെയുള്ള ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രനിരോധിക്കാൻ സംസ്ഥാന സർക്കാർ മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യുന്നതിനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങൾക്കായിരിക്കും നിയമം കൂടുതലായും ബാധിക്കുകയെന്നാണ് സൂചന. നിലവിലുള്ള വാഹനങ്ങളെ ബാധിക്കില്ലെന്നും ഗതാഗത കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
ഈ നിരോധനം ബാധിക്കുക സ്ത്രീകളെ ആകും. സ്ത്രീകൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളിൽ 25 ശതമാനവും 100 സി.സിയിൽ കുറവായതിനാൽ പിൻസീറ്റ് യാത്രാവിലക്കിനുള്ള പരിധി 100 സി.സിയിൽ നിന്ന് 50 സി.സി.യായി കുറയ്ക്കുന്ന കാര്യം പരിശോധിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.
നേരത്തെ ഇത്തരം വാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തലസ്ഥാനമായ ബംഗളൂരുവിൽ മാത്രം 100 സി.സിയിൽ താഴെയുള്ള 49 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നിരത്തുകളിൽ ഏറ്റവുമധികമുള്ളതും ഇരുചക്രവാഹനങ്ങൾ തന്നെയാണ്.