സാന്പത്തിക മാന്ദ്യം മറികടക്കാൻ കേന്ദ്രത്തിന്റെ 50,000 കോടി

ന്യൂഡൽഹി : സന്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന മാന്ദ്യത്തെ നേരിടുന്നതിന് കേന്ദ്രസർക്കാർ അന്പതിനായിരം കോടി ചിലവഴിക്കുന്നു. ധന കമ്മി ലഘൂകരിക്കുന്നതിനാണ് 2018 മാർച്ചിൽ അവസാനിക്കുന്ന സാന്പത്തിക വർഷത്തിൽ സാന്പത്തിക ഉത്തേജന പദ്ധതി നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ − ജൂൺ ത്രൈമാസത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 7.9 ശതമാനത്തിൽ നിന്ന് മൂന്നു വർഷത്തെ ഏറ്റവും കുറഞ്ഞ 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ സൃഷ്ടിച്ച സാന്പത്തിക മുരടിപ്പും പൂർണമായ തയ്യാറെടുപ്പുകളില്ലാതെ ജി.എസ്.ടി നടപ്പാക്കിയപ്പോഴുണ്ടായ ഉൽപാദന തളർച്ചയുമാണ് ജി.ഡി.പി വളർച്ച ഇടിയാൻ കാരണമെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ചിലവും വരുമാനവും തമ്മിലുള്ള വിടവായ ധന കമ്മി ഇപ്പോൾ 5.46 ലക്ഷം കോടിയാണ്. അതായത് ഇത്രയും ചിലവ് കൂടി നിൽക്കുന്നു. ഇൗ വിടവ് ഇനിയും കൂടിയാൽ ജി.ഡി.പി വളർച്ച ഇനിയും ഇടിയും. അതൊഴിവാക്കാനാണ് 50,000 കോടി രൂപ അധികമായി ചിലവഴിക്കാൻ ഉദ്ദേശിക്കുന്നത്.
ജി.ഡി.പി വളർച്ച മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ തേടി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ഉന്നതതല യോഗം വിളിച്ചിരുന്നു. വാണിജ്യ മന്ത്രി സുരേഷ് പ്രഭു, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവരും മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവുമായി കഴിഞ്ഞദിവസം നടത്തിയ അവലോകന യോഗത്തിലാണ് സാന്പത്തിക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായതെന്നാണ് റിപ്പോർട്ട്.
നടപടി ആദ്യം ധനക്കമ്മി പരിധി വിട്ടുയരാൻ വഴിയൊരുക്കുമെങ്കിലും തുടർന്ന് സാന്പത്തിക ഉൗർജ്ജം പകരുകയും ബിസിനസ് മാന്ദ്യം മാറ്റി ജി.ഡി.പി വളർച്ച ഉണ്ടാകുയും ചെയ്യുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.അടുത്ത ദിവസങ്ങളിൽ മറ്റു വകുപ്പുകളുമായും ചർച്ച നടത്തുമെന്നും തുടർന്ന് നരേന്ദ്ര മോഡിയുമായി ആലോചിച്ച ശേഷം സാന്പത്തിക നടപടികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നുമാണ് ജയ്റ്റ്‌ലി കഴിഞ്ഞദിവസം പറഞ്ഞത്.