രോഹിൻഗ്യകൾ അഭയാർഥികൾ അല്ല : അനധികൃത കുടിയേറ്റക്കാരെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി : രോഹിൻഗ്യ അഭയാർഥി പ്രശ്നത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. രോഹിൻഗ്യകൾ അഭയാർഥികൾ അല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രോഹിൻഗ്യകളെ സ്വീകരിക്കാൻ മ്യാൻമർ തയാറായിരിക്കെ അവരെ തിരിച്ചയക്കുന്നതിനെ ചിലർ എതിർക്കുന്നത് എന്തിനാണെന്നും രാജ്നാഥ് ചോദിച്ചു. ‘അഭയാർഥി പദവി കിട്ടുന്നതിന് കൃത്യമായി നടപടിക്രമങ്ങളുണ്ടെന്നും രോഹിൻഗ്യകളുടെ വിഷയത്തിൽ ഇന്ത്യ യാതൊരു രാജ്യാന്തര നിയമവും ലംഘിച്ചിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
തിങ്കളാഴ്ച സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഒട്ടേറെ രോഹിൻഗ്യൻ അഭയാർഥികൾ ഐഎസ്‌ഐ, ഐഎസ് ഉൾപ്പെടെയുള്ള വിധ്വംസക സംഘടനകളുടെ ഇന്ത്യാവിരുദ്ധ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഹവാല പണമിടപാട്, വ്യാജ തിരിച്ചറിയൽ കാർഡ് സംഘടിപ്പിക്കൽ, മനുഷ്യക്കടത്ത് തുടങ്ങിയ കാര്യങ്ങളിൽ അവർ ഏർപ്പെടുന്നുണ്ട്. തീവ്രനിലപാടുകാരായ രോഹിൻഗ്യകൾ ഇന്ത്യയിൽ കഴിയുന്ന ഇന്ത്യൻ പൗരത്വമുള്ള ബുദ്ധമതക്കാരെ ആക്രമിക്കാൻ സാധ്യതയുണ്ട്. രോഹിൻഗ്യകൾ ജമ്മുവിലും ഡൽഹിയിലും ഹൈദരാബാദിലും സജീവമാണ്. ഇവർ ആഭ്യന്തര സുരക്ഷയ്‌ക്കും ദേശീയ സുരക്ഷയ്‌ക്കും ഭീഷണിയാണെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു.