ഗോരഖ്പുർ ദുരന്തം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം
ന്യൂഡൽഹി : സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഗോരഖ്പുർ ദുരന്തം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കുറച്ചു ദിവസങ്ങൾക്കു മുൻപ് നിർദോഷികളായ കുഞ്ഞുങ്ങൾ ഒരാശുപത്രിയിൽ മരിച്ചിരുന്നു'. ഗോരഖ്പുരിലുണ്ടായ ആ ദുരന്തം അതീവ ദുഖകരമാണെന്നും മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ എല്ലാവർക്കും ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്.
എല്ലാവർക്കും തുല്യ അവസരമുള്ള, സുരക്ഷിതവും വികസിതവുമായ നവഭാരതമാണ് സർക്കാരിന്റെ ലക്ഷ്യമെന്നു പറഞ്ഞ മോദി, പാക്കിസ്ഥാനെതിരായ മിന്നലാക്രമണത്തോടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞിരിക്കുകയാനിന്നും പറഞ്ഞു. രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നാണ് നാം ചിന്തിക്കേണ്ട്. അല്ലാതെ പോകുന്നതുപോലെ പോകട്ടെ എന്നല്ല. രാജ്യത്തിന്റെ സുരക്ഷയാണ് നമുക്ക് പ്രധാനം. നമ്മുടെ സേന എന്നും അവരുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. രാജ്യത്തെയും പാവപ്പെട്ട ജനങ്ങളെയും കൊള്ളയടിച്ചവർ ഇന്ന് സമാധാനത്തോടെ ഉറങ്ങുന്നില്ല എന്നും മോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
ചരക്ക്, സേവന നികുതി (ജിഎസ്ടി)യെ പിന്തുണയ്ക്കാൻ രാജ്യമൊന്നാകെ മുന്നോട്ടു വന്നു. സാങ്കേതിക വിദ്യയും ഒരുപാട് സഹായം നൽകി. ∙ നോട്ടു നിരോധനവും ഫലം കണ്ടിട്ടുണ്ട്. ജോലി നിർമിക്കുന്നവരായിട്ടാണ് നമ്മുടെ യുവാക്കളെ വളർത്തിയെടുക്കേണ്ടത്. അല്ലാതെ ജോലി അന്വേഷിക്കുന്നവരായിട്ടല്ല. നമ്മൾ രാജ്യത്തെ വികസനത്തിന്റെ പാതയിലെത്തിക്കണം. വിശ്വാസങ്ങളുടെ പേരിലുള്ള കലാപങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിക്കില്ല. നമ്മുടെ രാജ്യത്തിന്റെ ഭാവിക്കും ജനത്തിന്റെ ക്ഷേമത്തിനും വേണ്ടി അഴിമതിക്കെതിരെയാണ് പോരാട്ടം. മോദി പറഞ്ഞു. വെടിയുണ്ടകളാൽ വിഘടനവാദം അവസാനിപ്പിക്കാൻ കഴിയില്ല. സൗഹൃദത്തിലൂടെ മാത്രമേ കശ്മീരിൽ സമാധാനം കൊണ്ടുവരാൻ കഴിയൂ. കശ്മീരിലെ യുവാക്കൾ മുൻധാരയിലേക്ക് വരണമെന്നും മോദി പറഞ്ഞു.
രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്, ഗുർചരൺ കൗർ, എച്ച്.ഡി.ദേവഗൗഡ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, അരുൺ ജയറ്റ്ലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

