എയ്ഡഡ് സ്കൂളുകളിൽ രാഷ്ട്രീയ നേതാക്കന്മാർ ദേശീയപതാക ഉയർത്തുന്നത് ചട്ടവിരുദ്ധം : മോഹൻ ഭഗവതിന് വിലക്ക്
പാലക്കാട് : എയ്ഡഡ് സ്കൂളിൽ ദേശീയപതാക ഉയർത്തുന്നതിന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവതിന് വിലക്ക്. എയ്ഡഡ് സ്കൂളുകളിൽ രാഷ്ട്രീയ നേതാക്കന്മാർ ദേശീയപതാക ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്ന് കലക്ടർ അറിയിച്ചു. ജനപ്രതിനിധികൾക്കോ അധ്യാപകർക്കോ പതാക ഉയർത്താമെന്നും കലക്ടർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർക്കും ആർഎസ്എസ് നേതൃത്വത്തിനും നിർദേശം നൽകിയിട്ടുണ്ട്.
ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ മാത്രമേ ദേശീയ പതാക ഉയർത്താൻ പാടുള്ളൂ എന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ അധികൃതർ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സ്കൂൾ മാനേജ്മെന്റിനും പ്രധാന അധ്യാപകനും നോട്ടിസ് നൽകി. ഡിവൈഎസ്പി, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
ആർഎസ്എസ് അനുഭാവികളായവരുടെ മാനേജ്മെന്റ് നടത്തുന്ന കർണകിയമ്മൻ സ്കൂളിലെ സ്വാതന്ത്രദിനാഘോഷത്തിൽ മോഹൻ ഭഗവത് ഇന്ന് രാവിലെ ഒൻപതിന് ദേശീയ പതാക ഉയർത്തുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. അതനുസരിച്ച് സുരക്ഷാക്രമീകരണം ഉൾപ്പെടെയുള്ള പരിപാടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ സംഘടനാനേതാക്കൾ ഉൾപ്പെടെ പതാക ഉയർത്താൻ പാടില്ലെന്നാണ് സർക്കാർ നിലപാട്.
എന്നാൽ ഫ്ലാഗ് കോഡും നിയമനുസരിച്ച് സ്വാതന്ത്രദിനത്തിൽ ദേശീയ പതാക ആർക്കും ഉയർത്താമെന്നാണ് ആർഎസ്എസ്–ബിജെപി നേതാക്കൾ പറയുന്നു. അതിനു ഘടക വിരുദ്ധമാണ് ജില്ലാഅധികൃതരുടെ നോട്ടിസ് എന്നും അവർ വാദിക്കുന്നു. ഇന്നലെ സ്ഥലത്തെത്തിയ മോഹൻ ഭഗവത് ആർഎസ്എസ് പ്രവർത്തകരുടെ യോഗങ്ങളിൽ പങ്കെടുത്തു. ഇന്ന് സ്വാതന്ത്രദിനാഘോഷത്തിനുശേഷം വനിതാസമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിലും പ്രസംഗിക്കും. നോട്ടീസ് ലഭിച്ചതിനെ ശക്തമായി നേരിടാനാണ് സംഘടനാതല നീക്കം.

