ഗോരഖ്പൂരിൽ ഓക്സിജൻ കിട്ടാതെ മരിച്ചത് 33 പിഞ്ച് കുട്ടികൾ ഉൾപ്പെടെ 63 പേർ
ലക്നൗ : ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 33 പിഞ്ച് കുട്ടികൾ ഉൾപ്പെടെ 63 പേരാണ് ഓക്സിജൻ കിട്ടാതെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇവിടെ മരിച്ചത്. ഇന്ന് മൂന്ന് കുട്ടികൾ കൂടി മരണത്തിന് കീഴടങ്ങി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് തവണ ലോക്‌സഭയിൽ പ്രതിനിധീകരിച്ച മണ്ധലം കൂടിയാണ് ഗോരഖ്പൂർ.
പണമടയ്ക്കാത്തതിനാൽ ഓക്സിജൻ വിതരണം നിലച്ചതാണ് മരണങ്ങൾക്ക് കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ലഖ്നൗവിലെ ഒരു സ്വകാര്യസ്ഥാപനമാണ് ആശുപത്രിയിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം രൂപയാണ് ആശുപത്രി ഇവർക്ക് നൽകാനുള്ളത്. തുടർന്ന് വ്യാഴാഴ്ച രാത്രി കന്പനി ഓക്സിജൻ നൽകുന്നത് പൂർണ്ണമായി നിർത്തിവെച്ചു. നവജാതശിശുക്കളുടെ വാർഡിലും മസ്തിഷ്‌കവീക്കം സംഭവിച്ചവരുടെ വാർഡിലുമാണ് കൂടുതൽ മരണമുണ്ടായത്.
അതേ സമയം മസ്തിഷ്‌ക വിക്കത്തിന് ചികിത്സ തേടിയ കുട്ടികൾ മരിച്ചത് ഓക്‌സിജന്റെ കുറവുകൊണ്ടല്ല, ആരോഗ്യകാരണങ്ങളാലാണെന്നായിരുന്ന് യു.പി മെഡിക്കൽ വിദ്യാഭ്യാസമന്ത്രി അശുതോഷ് താണ്ധൻ പറഞ്ഞു. ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറുകളുടെ അഭാവം ഉണ്ടായിരുന്നെന്ന വിവരം ആശുപത്രി അധികൃതർ അറിയിച്ചിരുന്നില്ലെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും മൗര്യ പറഞ്ഞു. എന്നാൽ ഓക്‌സിജനില്ലെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി അധികൃകർ ഈ മാസം മൂന്നിനും പത്തിനും സർക്കാരിനയച്ച കത്ത് പുറത്തുവന്നതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. അതിനിടെ ഓക്‌സിജൻ ലഭിക്കാതെ മരിച്ചത് ഏഴ് കുട്ടികൾ മാത്രമാണെന്നും ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവല്ല മറ്റ് കുട്ടികളുടെ മരണകാരണമെന്നുമുള്ള ന്യായീകര വിശദീകരണവുമായി ജില്ലാ മജിസ്ട്രേറ്റും രംഗത്തെത്തി.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്നാവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസ് നേതാക്കൾ ഗൊരഖ്പൂരിലെ ആശുപത്രി സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
അതിനിടെ ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന കന്പനികളിൽ പൊലീസ് റെയ്ഡ് നടത്തി. മതിയായ ഓക്സിജൻ സിലിണ്ടറുകൾ ഉണ്ടായിരുന്നിട്ടും മനഃപൂർവം നൽകാതിരുന്നതാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു റെയ്ഡ്.

