വെ­ങ്കയ്യ നാ­യി­ഡു­ ഇന്ത്യയുടെ ഉപരാഷ്ട്രപതി


ന്യൂഡൽഹി : ഇന്ത്യയുടെ 13−ാമത്തെ ഉപരാഷ്ട്രപതിയായി എൻ.ഡി.എ സ്ഥാനാർ‍ത്ഥി വെങ്കയ്യ നായിഡുവിനെ തിരഞ്ഞെടുത്തു. 19 പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ മത്സരിച്ച മുൻ പശ്ചിമബംഗാൾ‍ ഗവർ‍ണറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന ഗോപാൽ‍ കൃഷ്ണ ഗാന്ധിയെ 272 വോട്ടിന്റെ വ്യത്യാസത്തിലാണ് നായിഡു പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 771 വോട്ടുകളിൽ വെങ്കയ്യ നായിഡുവിന് 516 വോട്ടുകൾ ലഭിച്ചു. 11 വോട്ടുകൾ അസാധുവായി. ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പാർ‍ലമെന്റ് മന്ദിരത്തിലെ 62−ാം നന്പർ‍ മുറിയിൽ‍ രഹസ്യ ബാലറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്. അഞ്ച് മണിക്ക് പോളിംഗ് പൂർ‍ത്തിയായി. തുടർ‍ന്ന് വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങൾ‍ അടങ്ങുന്ന 790 പേരുള്ള ഇലക്ടറൽ‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

14 എം.പിമാർ‍ക്ക് തിരഞ്ഞെടുപ്പിൽ‍ വോട്ട് രേഖപ്പെടുത്താനായില്ല. ബി.ജെ.പി അംഗങ്ങളായ വിജയ് ഗോയൽ‍, സൻ‍വർ‍ലാൽ‍ ജാദ്, മുസ്‌ലിം ലീഗ് അംഗങ്ങളായ പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുൾ‍ വഹാബ്, തൃണമൂൽ‍ കോൺ‍ഗ്രസ് അംഗങ്ങളായ കുനൽ‍ കുമാർ‍ ഘോഷ്, തപസ് പോൾ‍, പ്രതിമ മണ്ധൽ‍, അഭിഷേക് ബാനർ‍ജി, കോൺഗ്രസ് അംഗങ്ങളായ മൻസും നൂർ‍, റാണി നർ‍, നാമനിർ‍ദ്ദേശം ചെയ്യപ്പെട്ട അംഗം അനു ആഗ, സ്വതന്ത്ര അംഗം നബ കുമാർ‍ ശരണ്യ, എൻ.‍സി.പി അംഗം ഉദ്യൻ‍രാജ് ബോൺഡസ്്ലേ, പി.എം.കെ അംഗം അന്‍പുമണി രാംദാസ് എന്നിവർ‍ക്കാണ് വോട്ട് ചെയ്യാൻ കഴിയാത്തത്. വോട്ടെടുപ്പിൽ‍ നിന്ന് വിട്ടുനിൽ‍ക്കുമെന്ന് പട്ടാളി മക്കൾ‍ കക്ഷി എം.പി അന്‍പുമണി രാംദാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിമാനം വൈകിയതിനാലാണ് രണ്ട് മുസ്‌ലിം ലീഗ് എം.പിമാർ‍ക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കാതെ വന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിപക്ഷ പാർ‍ട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാർ‍ത്ഥി ആയിരുന്ന ഗോപാൽ‍കൃഷ്ണ ഗാന്ധി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, കോൺ‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ‍ വെങ്കയ്യ നായിഡുവിനെ അഭിനന്ദിച്ചു. 25 വർ‍ഷത്തെ പാർ‍ലമെന്ററി പ്രവർ‍ത്തന പരിചയവുമായാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി പദത്തിൽ‍ എത്തുന്നത്. ആന്ധ്രപ്രദേശിലെ നെല്ലൂരിലുള്ള ചാവട്ടപാളം ഗ്രാമമാണ് വെങ്കയ്യ നായിഡുവിന്റെ ജന്മദേശം. കർ‍ഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനാണ് നായിഡു.

വാജ്പേയി സർക്കാരിന്റെ കാലത്ത് ബി.ജെ.പി കടുത്ത സംഘടനാ പ്രതിസന്ധിയിൽ അകപ്പെട്ടപ്പോഴാണ് ദേശീയ അദ്ധ്യക്ഷസ്ഥാനത്തേക്ക് വെങ്കയ്യ നായിഡു നിയോഗിക്കപ്പെട്ടത്. ദക്ഷിണേന്ത്യയിൽ നിന്ന് നിയോഗിക്കപ്പെട്ട രണ്ട് ദേശീയ അദ്ധ്യക്ഷന്മാരുടെ പരാജയത്തെ തുടർന്നാണ് പാർട്ടി വെങ്കയ്യയെ പരീക്ഷിച്ചത്. തെഹൽക കോഴ വെളിപ്പെടുത്തലിൽ കുടുങ്ങി ബംഗാരു ലക്ഷ്മണൻ അദ്ധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടർന്ന് പകരക്കാരനായെത്തിയ ജന കൃഷ്ണമൂർത്തിയുടെ നേതൃത്വവും ഫലപ്രദമായിരുന്നില്ല. ജനസംഘ പാരന്പര്യക്കാരനായ ജന കൃഷ്ണമൂർത്തി സർക്കാരിനെക്കാൾ വലുതാണ് സംഘടനയെന്ന നയം സ്വീകരിച്ചത് പ്രധാനമന്ത്രി വാജ്പേയിയെ അലോസരപ്പെടുത്തി.

സർക്കാരും പാർട്ടിയുമായുള്ള ഏകോപനം തകർന്നതോടെ നേതൃമാറ്റത്തിന് എൽ.കെ അദ്വാനിയും സമ്മതം മൂളി. അദ്വാനിപക്ഷക്കാരനായിരുന്നെങ്കിലും എതിർപക്ഷത്തെ വെറുപ്പിക്കാതിരുന്നത് വെങ്കയ്യയ്ക്ക് തുണയായി. വാജ്പേയി പക്ഷത്തെ പ്രമോദ് മഹാജൻ, രാജ്നാഥ് സിംഗ്, അദ്വാനിപക്ഷത്തെ സുഷമ സ്വരാജ്, ഉമാഭാരതി, അരുൺ ജെയ്റ്റ്ലി എന്നിവരെയൊക്കെ മറികടന്ന് വെങ്കയ്യ പാർട്ടി അദ്ധ്യക്ഷനായി.  വാജ്പേയി സർക്കാരിൽ ഗ്രാമവികസന മന്ത്രിയായിരുന്ന വെങ്കയ്യ നായിഡു നരേന്ദ്ര മോഡി സർക്കാരിൽ നഗരവികസന മന്ത്രിയായി. ഗ്രാമീണ കർഷക പശ്ചാത്തലത്തിൽ നിന്നെത്തിയ വെങ്കയ്യ നായിഡു ഗ്രാമവികസന മന്ത്രിയെന്ന നിലയിൽ മികവു തെളിയിച്ചപ്പോഴാണ് പാർട്ടി അദ്ധ്യക്ഷപദവിയിലേക്ക് മാറിയത്. വാജ്പേയി സർക്കാരിന്റെ നേട്ടങ്ങളിലൊന്നായിരുന്ന ഗ്രാമീണ റോഡ് പദ്ധതി വെങ്കയ്യ നായിഡുവിന്റെ സംഭാവനയായിരുന്നു. നഗരവികസന മന്ത്രിയെന്ന നിലയിൽ സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ള സ്വപ്ന പദ്ധതികൾക്കായി ഊർജ്ജിതമായി പ്രവർത്തിക്കുന്പോഴാണ് ഉപരാഷ്ട്രപതിസ്ഥാനലബ്ധി. ഉപരാഷ്ട്രപതിയെന്ന നിലയിൽ ഭരണഘടന ഉയർത്തിപ്പിടിക്കുമെന്നും മുൻഗാമികൾ പ്രകടമാക്കിയ ഉന്നത നിലവാരം പുലർത്തുമെന്നും വിജയിച്ച ശേഷം വെങ്കയ്യ നായിഡു പറഞ്ഞു.

ഉഷയാണ് ഭാര്യ. ഹർഷവർദ്ധൻ ദീപ എന്നിവർ മക്കളാണ്. രാഷ്ട്രീയ–കുടുംബ ജീവിതങ്ങളുടെ സന്തുലനമാണ് വെങ്കയ്യ നായിഡുവിന്റെ വിജയരഹസ്യം. രാഷ്ട്രീയ ജീവിതത്തിൽ കുടുംബാംഗങ്ങളുടെ ഇടപെടൽ അനുവദിക്കില്ലെന്ന കാര്യത്തിൽ വെങ്കയ്യ കണിശക്കാരനാണ്.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയാകുന്പോൾ ബി.ജെ.പിക്ക് നഷ്ടമാകുന്നത് ആക്രമണത്തിലും പ്രതിരോധത്തിലും നിറഞ്ഞുനിന്ന വാക്സാമർത്ഥ്യമാണ്. സോമനാഥ് ചാറ്റർജി യു.പി.എ ഭരണത്തിൽ ലോക്സഭാ സ്പീക്കറായപ്പോൾ സി.പി.എം അനുഭവിച്ചതിന് സമാനമായ ശബ്ദനഷ്ടമാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയാകുന്പോൾ ബി.ജെ.പി അഭിമുഖീകരിക്കുന്നത്. സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ അദ്ധ്യക്ഷസ്ഥാനത്ത് വെങ്കയ്യയാണെന്നത് ബി.ജെ.പിക്ക് ആശ്വാസവും പകരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed