ദിലീപിന്റെ മുൻവിവാഹം; കേസ് അട്ടിമറിക്കാനുള്ള നീക്കം?

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കാൻ പൊലീസ് സേനയ്ക്കുള്ളിൽതന്നെ ശ്രമം നടക്കുന്നതായി ആക്ഷേപം. നടൻ ദിലീപ് ഉൾപ്പെട്ട കേസ് അട്ടിമറിക്കാൻ സേനയിലെ ഉദ്യോഗസ്ഥർതന്നെ വാർത്തകൾ പ്രചരിപ്പിക്കുന്നതായി അന്വേഷണ സംഘാംഗങ്ങൾ മേലുദ്യോഗസ്ഥരെ അറിയിച്ചു. നടിയുടെ ദൃശ്യങ്ങൾ മെഡിക്കൽ വിദ്യാർഥികൾക്കു മുന്നിൽ പ്രദർശിപ്പിച്ചതായി നേരത്തേ വാർത്ത വന്നിരുന്നു. ഇതിനു പിന്നാലെയാണു നടൻ ദിലീപിന്റെ ആദ്യഭാര്യയെക്കുറിച്ച് അന്വേഷണം നടക്കുന്നെന്ന വാർത്തകൾ പ്രചരിച്ചത്. ഈ രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണം കേസന്വേഷണത്തെ ബാധിച്ചതായി ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ദിലീപിന്റെ മുൻ വിവാഹത്തെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നതായാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, അന്വേഷണസംഘം ഇതു നിഷേധിക്കുന്നു. തികച്ചും തെറ്റായ പ്രചരണമാണതെന്നും അന്വേഷണവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ എന്തിനു പൊലീസ് അന്വേഷിക്കണം, മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കു മറുപടി പറയേണ്ട ബാധ്യത പൊലീസിനില്ല എന്നും അന്വേഷണ സംഘത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.