നയപ്രഖ്യാപനം : ബാങ്കുകൾ വാഹന, ഭവന വായ്പ പലിശകൾ കുറച്ചേക്കും

മുംബൈ : റിസർവ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ .25 ശതമാനത്തിന്റെ കുറവ് വരും. അടിസ്ഥാന പലിശനിരക്കായ റിപ്പോ 6.25 ശതമാനത്തിൽനിന്ന് ആറു ശതമാനമായും റിവേഴ്സ് റിപ്പോ ആറു ശതമാനത്തിൽനിന്ന് 5.75 ശതമാനമായും കുറയും. ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്സ് റിപ്പോ. ആർബിഐ വാണിജ്യബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ.
ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ നടന്നുവരുന്ന ആറംഗ പണനയ അവലോകന സമിതി (എംപിസി) യാണ് നയപ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ജൂണിൽ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിലെത്തിയതിനാൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാര വ്യവസായ ലോകം.
റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ച സാഹചര്യത്തിൽ ബാങ്കുകൾ വാഹന, ഭവന വായ്പകളുടെ പലിശയും കുറച്ചേക്കും. കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും പണപ്പെരുപ്പ ഭീഷണിയുടെ പേരിൽ അടിസ്ഥാന പലിശനിരക്കായ റിപ്പോയിൽ മാറ്റം വരുത്തിയിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ വായ്പ വിതരണക്കാരായ എസ്ബിഐ കഴിഞ്ഞ ദിവസം സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിൽ അരശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു.