നടിയെ ആക്രമിച്ച കേസില്‍ നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു


ആലുവ : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്കാണ് അന്വേഷണസംഘം ഉളിയന്നൂരിലെ വീട്ടിലെത്തി ശ്രിതയുടെ മൊഴിയെടുത്തത്. ഉപദ്രവിക്കപ്പെട്ട നടി സംഭവത്തിനുശേഷം ഇവരുടെ വീട്ടിൽ വന്നതായി വിവരം കിട്ടിയിരുന്നു. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘം ശ്രിത ശിവദാസില്‍നിന്ന് ശേഖരിച്ചത്. നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും നടൻ ദിലീപുമായി പരിചയമില്ലെന്നു ശ്രിത പൊലീസിനോടു പറഞ്ഞു.

ഓര്‍ഡിനറി എന്ന ചിത്രത്തിലെ പുതുമുഖ നായികയായി സിനിമയിലെത്തിയ ശ്രിത ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്താണ്. ദിലീപുമായുള്ള പ്രശ്നങ്ങള്‍ നടി ശ്രിതയുമായി പങ്കുവച്ചിരുന്നതായാണ് സൂചന. നടിയെ ആക്രമിക്കുന്നതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയമുണ്ടോയെന്ന് പൊലീസ് ഒരിക്കല്‍ക്കൂടി പരിശോധിക്കും. കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിയെ പൊലീസ് കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തു. കഴിഞ്ഞദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തത്.

ദിലീപ് പൾസർ സുനിയെ കണ്ടപ്പോഴും പൾസർ സുനി ദിലീപിനെ ഫോൺ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ അപ്പുണ്ണിയില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിക്കേണ്ടതുണ്ട്. ഇതിനായി അപ്പുണ്ണിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ ഇതുവരെ അപ്പുണ്ണിയെ പ്രതിചേര്‍ത്തിട്ടില്ല.

You might also like

  • Straight Forward

Most Viewed