എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ ഇന്റിഗോ എയര്‍ലൈന്‍സ്


ന്യൂഡൽഹി : ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ കമ്പനിയുടെ കീഴിലുള്ള ഇന്റിഗോ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പുറപ്പെടുവിച്ചത്. എന്നാല്‍ എത്ര ശതമാനം ഓഹരികള്‍ വില്‍ക്കാമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശിച്ചിരുന്നു. എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണം നീക്കി സ്വകാര്യ നിക്ഷേപകര്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കണമെന്നായിരുന്നു നീതി ആയോഗിന്റെ ശുപാര്‍ശ. ഈ നിര്‍ദ്ദേശത്തെ പിന്തുണച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

ടാറ്റ ഗ്രൂപ്പ് സിംഗപ്പൂര്‍ എയര്‍ലെന്‍സുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയെ എറ്റെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇന്റിഗോ എയര്‍ലൈന്‍സ് താല്പര്യം പ്രകടിപ്പിച്ചത്. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ സര്‍ക്കാരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ 51 ശതമാനം ഓഹരികളാണ് വാങ്ങാന്‍ ആലോചിക്കുന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

You might also like

Most Viewed