ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു : സഞ്ജു സാംസണും ബേസിൽ തമ്പിയും ടീമിൽ


മുംബൈ : ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്ജു വി സാംസണെയും, ബേസിൽ തമ്പിയെയും ടീമിൽ ഉൾപ്പെടുത്തി. മറുനാടന്‍ മലയാളികളായ ശ്രേയസ് അയ്യറും, കരുൺ നായരും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയാണ് ഏകദിന ടീമിന്റെ നായകന്‍.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ എന്നീ ടീമുകളുമായി ഏകദിന ത്രിരാഷ്ട്ര പരമ്പരയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, രണ്ടു ചതുര്‍ദിന മല്‍സരവും ഇന്ത്യ കളിക്കും. ജൂലൈ 26ന് ഇന്ത്യ എ- ഓസ്‌ട്രേലിയ എ ഏകദിന മല്‍സരത്തോടെയാണ് പര്യടനത്തിന് തുടക്കമാകുക.

ഐപിഎല്‍, വിജയ് ഹസാരെ ട്രോഫി മല്‍സരങ്ങളിലെ മികച്ച പ്രകടനം നടത്തിയവരെയാണ് ഏകദിന ടീമിലേക്ക് തെരഞ്ഞെടുത്തത്. കഴിഞ്ഞ ഐപിഎൽ സീസണിലെ എമേർജിംഗ് പ്ലെയറായിരുന്നു ബേസിൽ തമ്പി. അതേസമയം രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ദക്ഷിണാഫ്രിക്കക്കെതിരായ ചതുര്‍ദിന മല്‍സരത്തിനുള്ള ടീമിനെ തെരഞ്ഞെടുത്തത്. സീനിയര്‍ ടീമംഗം കരുണ്‍ നായരാണ് ചതുര്‍ദിന ടീം നായകന്‍. ചതുര്‍ദിന ടീമലുള്‍പ്പെട്ടതോടെ, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കരുണ്‍ നായരെ ഉള്‍പ്പെടുത്തില്ലെന്ന് വ്യക്തമായി.

ഏകദിന ടീം - മനീഷ് പാണ്ഡെ ( ക്യാപ്ടന്‍ ), മന്‍ദീപ് സിംഗ്, ശ്രേയസ്സ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, കരുണ്‍ നായര്‍, ക്രുണാല്‍ പാണ്ഡ്യ, റിഷഭ് പന്ത്, വിജയ് ശങ്കര്‍, അക്‌സര്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍, ജയന്ത് യാദവ്, ബേസില്‍ തമ്പി, മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍, സിദ്ധാര്‍ത്ഥ് കൗള്‍.

ചതുര്‍ദിന ടീം- കരുണ്‍ നായര്‍ ( ക്യാപ്ടന്‍), പ്രിയങ്ക് പഞ്ചല്‍, അഭിനവ് മുകുന്ദ്, ശ്രേയസ്സ് അയ്യര്‍, അങ്കിത് ബാവ്‌നെ, സുദീപ് ചാറ്റര്‍ജി, ഇഷാന്‍ കിഷന്‍( വിക്കറ്റ് കീപ്പര്‍), ഹനുമ വിഹാരി, ജയന്ത് യാദവ്, ശാഹ്ബാസ് നദീം, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍, അനികേത് ചൗധരി, അങ്കിത് രാജ്പുത്ത്‌.

You might also like

  • Straight Forward

Most Viewed