പ്രമുഖ ഗായിക സബിത ചൗധരി അന്തരിച്ചു


കൊല്‍ക്കത്ത : പ്രമുഖ ഗായികയും പ്രശസ്ത സംഗീത സംവിധായകന്‍ സലില്‍ ചൗധരിയുടെ ഭാര്യയുമായ സബിത ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ശ്വാസകോശത്തിനും തൈറോയ്ഡിനും ബാധിച്ച കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ വീട്ടിലായിരുന്നു മരണം. രണ്ടു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണ് സലില്‍ ചൗധരി -സബിത ദമ്പതികള്‍ക്ക്.

ബംഗാളി ഗായികയായി രംഗത്തുവന്ന സബിത തുടര്‍ന്ന് ഹിന്ദി ചലചിത്രഗാനരംഗത്തും ശക്തമായ സാന്നിധ്യമായി. ഇതിനിടെയായിരുന്നു സംഗീത സംവിധായകന്‍ സലില്‍ ചൗധരിയുമായുള്ള വിവാഹം. വിവാഹശേഷവും സബിത തന്റെ ഗാനസപര്യ തുടര്‍ന്നു. ഹിന്ദി, ബംഗാളി കൂടാതെ കന്നഡ, മലയാളം, തമിഴ്, ആസാമീസ്, ഒറിയ ഭാഷകളിലും സബിത തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

സബിതയുടെ ഭൗതികദേഹം ആരാധര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കോല്‍ക്കത്തയിലെ രവീന്ദ്ര സദനില്‍ പൊതുദര്‍ശനത്തന് വയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സബിത ചൗധരിയുടെ നിര്യാണത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം അറിയിച്ചു.

സബിത ചൗധരി പാടിയ വൃച്ഛികപ്പെണ്ണേ, വേളിപ്പെണ്ണേ, ഒരുമുഖം മാത്രം കണ്ണില്‍ ഒരു സ്വരം മാത്രം കാതില്‍, രാക്കുയിലേ ഉറങ്ങൂ, മയിലുകളാടും ആ മാലിനി തന്‍ തീരം, മേലെ പൂമല, നീ മായും നിലാവേ, ഭൂമിതന്‍ സംഗീതം നീ, ഇനി വരൂ തേന്‍ നിലാവേ എന്നീ ഗാനങ്ങൾ ശ്രദ്ധേയമാണ്.

You might also like

Most Viewed