രാഷ്ട്രപതി തെരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

ന്യൂഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ജൂലൈ ഒന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് മത്സരം. രാം നാഥ് കോവിന്ദ് ജൂണ്‍ 23 നും മീരാ കുമാര്‍ 28 നുമാണ് പത്രിക സമര്‍പ്പിച്ചത്.
പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം പാര്‍ലമെന്റ് ഹൗസിലെത്തിയാണ് വരണാധികാരി കൂടിയായ ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്ര മുമ്പാകെ മീരാ കുമാര്‍ പത്രിക സമര്‍പ്പിച്ചത്. മീരാ കുമാര്‍ ജൂലൈ രണ്ടിന് കേരളത്തിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, എന്‍സിപി നേതാവ് ശരത് പവാര്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ മീരാ കുമാറിനൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എംപിക്കായിരുന്നു പത്രികാസമര്‍പ്പണ നടപടികളുടെ ഏകോപന ചുമതല.
പാര്‍ലമെന്റിലേയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശം ഇല്ല.