ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിന് : അന്നുതന്നെ ഫലപ്രഖ്യാപനം


ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് വോട്ടെടുപ്പ്. അന്നുതന്നെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. നിലവിലെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കാലവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്.

ജൂലൈ നാലിന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 18 ആണ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ ഷംഷേര്‍ ഷെരീഫ് ആണ് മുഖ്യവരണാധികാരി. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മാത്രമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്. തെരഞ്ഞെടുക്കപ്പെട്ടതും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതുമായ 790 പാര്‍ലമെന്റ് അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്.

രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. തുടര്‍ച്ചയായി പത്ത് വര്‍ഷം ഉപരാഷ്ട്രപതി സ്ഥാനത്ത് ഇരുന്ന ശേഷമാണ് അന്‍സാരി പടിയിറങ്ങുന്നത്. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന് ശേഷം തുടര്‍ച്ചയായി രണ്ട് തവണ ഉപരാഷ്ട്രപതി സ്ഥാനം അലങ്കരിച്ച വ്യക്തിയാണ് ഹാമിദ് അന്‍സാരി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ഇതുവരെ പേരുകളൊന്നും ഉയര്‍ന്ന് കേട്ടിട്ടില്ല.

You might also like

  • Straight Forward

Most Viewed