പിങ്ക് പട്രോളിംഗ് കോട്ടയത്തും

കോട്ടയം: ജില്ലയിൽ പിങ്ക് പോലീസ് പട്രോളിംഗ് ആരംഭിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പോലീസിന്റെ സേവനം 24 മണിക്കൂറും ലഭിക്കും. ഇനി സ്ത്രീകൾക്ക് 1515 എന്ന നന്പറിൽ വിളിച്ചാൽ പിങ്ക് പോലീസിന്റെ സേവനം ലഭ്യമാകും. പട്രോളിംഗ് വാഹനം ഗാന്ധി സ്ക്വയറിൽ ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു.
പൂർണമായും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ രണ്ട് കാറുകളും വനിതാ സെല്ലിൽ പിങ്ക് കണ്‍ട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. അപകടത്തിൽ പെടുന്ന സ്ത്രീകൾക്ക് ’1515’ എന്ന നന്പർ വഴിയും ‘തനുത്ര’ എന്ന മൊബൈൽ ആപ്പ് വഴിയും പിങ്ക് പട്രോളിംഗ് സംഘവുമായി ബന്ധപ്പെടാം.
ഡ്രൈവർമാരും പോലീസുകാരുമടക്കം 32 വനിതാ ഉദ്യോഗസ്ഥരാണു പിങ്ക് പട്രോളിംഗിനായി പരിശീലനം നേടിയിരിക്കുന്നത്. അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി വിനോദ് പിള്ളയാണ് പിങ്ക് പട്രോളിംഗിന്‍റെ നോഡൽ ഓഫീസർ. വനിതാ സെൽ ഇൻസ്പെക്ടർ എൻ. ഫിലോമിന, സബ് ഇൻസ്പെക്ടർ സരള എന്നിവർക്കാണു പട്രോളിംഗ് വാഹനത്തിന്‍റെ ചുമതല.
സ്ത്രീകൾ ആപത്തുകളിലോ അപകടങ്ങളിലോ ഉൾപ്പെടുന്ന സാഹചര്യങ്ങളിൽ പിങ്ക് പട്രോളിംഗിനെ ബന്ധപ്പെടാനും ഇത്തരത്തിൽ സഹായം തേടിയുള്ള സന്ദേശം ലഭിച്ചാൽ ജിപിഎസ് സംവിധാനം ഉപയോഗിച്ചു കൃത്യമായ സ്ഥലം കണ്ടെത്താനുള്ള സോഫ്റ്റ്്വെയർ, ക്യാമറ, വൈഫൈ, റിമോർട്ട്, റഡാർ, ടാബ് സംവിധാനം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.
പിങ്ക് വാഹനങ്ങളിൽ ഒന്ന് മെഡിക്കൽ കോളേജ്, കോട്ടയം കേന്ദ്രീകരിച്ച് ഡ്യൂട്ടിയിലുണ്ടാവുന്നതും കെഎസ്ആർടിസി, ആർആർ ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ, ചാലുകുന്ന്, സിഎംഎസ് കോളേജ്, ഉപ്പൂട്ടികവല, അറുപറ, ഇല്ലിക്കൽ പാലം, തിരുവാതുക്കൽ, ബോട്ടുജെട്ടി, തിരുനക്കര, ശാസ്ത്രി റോഡ്, ഡിസി ബുക്സ്, ബിസിഎം കോളേജ്, ജില്ലാ ആശുപത്രി, സെന്‍ററൽ ജംഗ്ഷൻ എന്നീ പ്രദേശങ്ങളും രണ്ടാമത്തെ വാഹനം നാഗന്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രികരിച്ച് ഡ്യൂട്ടിയിലുണ്ടാകുന്നതും വടവാതൂർ ജംഗ്ഷൻ, കളത്തിപ്പടി, കഞ്ഞിക്കുഴി, കളക്ടറേറ്റ്, റെയിൽവേ േസ്റ്റഷൻ, നാഗന്പടം സ്റ്റാൻഡ്, സിയേഴ്സ് ജംഗ്ഷൻ, നാഗന്പടം പാലം, ചൂട്ടുവേലി, ചവിട്ടുവരി, കുമാരനല്ലൂർ ജംഗ്ഷൻ എന്നീ പ്രദേശങ്ങളുമായിരിക്കും നിരീക്ഷിക്കുക.