ഇന്ത്യൻ യുവതി പാകിസ്ഥാനിൽ നിന്നും തിരിച്ചെത്തി

ന്യൂഡൽഹി : പാക്കിസ്ഥാൻ പൗരൻ തോക്ക് ചൂണ്ടി ഭീഷണപ്പെടുത്തി വിവാഹം ചെയ്ത ഇന്ത്യൻ യുവതി ഉസ്മ വാഗ അതിർത്തി വഴി മടങ്ങിയെത്തി. ഡൽഹി സ്വദേശിയായ ഉസ്മയ്ക്ക് നാട്ടിലേക്ക് മടങ്ങുവാൻ ഇസ്‍ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. പാക് പൗരനായ താഹിർ അലി തന്നെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്യുകയായിരുന്നെന്നും, തന്നെ അലി ഉപദ്രവിക്കുകയാണെന്നും കാണിച്ചാണ് ഉസ്മ കോടതിയെ സമീപിച്ചത്. താഹിറിന്റെ കൂടെ ജീവിക്കാൻ താൽപര്യമില്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നുമായിരുന്നു കോടതിയിൽ ഉസ്മയുടെ ആവശ്യം. തുടർന്ന് കോടതി ഇതിന് അനുവദിക്കുകയും, യാത്രാരേഖകൾ വിട്ടുനൽകാൻ താഹിറിനോട് ആവശ്യപ്പെടുകയുമായിരുന്നു.
മടങ്ങിയെത്തിയ ഉസ്മയെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്വാഗതം ചെയ്തു. ‘ഉസ്മ– ഇന്ത്യയുടെ മകളെ, വീട്ടിലേക്ക് സ്വാഗതം. നിങ്ങൾ അനുഭവിച്ചതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു’– സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു. ഉസ്മയുടെ കുടുംബം മന്ത്രിയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ചു.
ഉസ്മ സന്ദർശക വീസയിലാണ് പാക്കിസ്ഥാനിലെത്തിയതെന്നു ന്യൂഡൽഹിയിലെ പാക്ക് ഹൈക്കമ്മിഷൻ വ്യക്തമാക്കിയിരുന്നു. മലേഷ്യയിൽ വച്ചാണ് അലിയും ഉസ്മയും കണ്ടുമുട്ടിയത്. മേയ് ഒന്നിനു വാഗാ അതിർത്തി വഴി ഉസ്മ പാക്കിസ്ഥാനിലെത്തി. മൂന്നിനാണു നിക്കാഹ് നടന്നത്. എന്നാൽ അലി നേരത്തേ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്നറിഞ്ഞതോടെയാണ് തന്നെ നാട്ടിലേക്കു തിരിച്ചുവിടണമെന്ന് ഉസ്‍മ ആവശ്യപ്പെട്ടത്.