ഇടപ്പള്ളി ഒബ്‌റോണ്‍ മാള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടി

കൊച്ചി : ഇടപ്പള്ളിയിലെ ഒബ്‌റോണ്‍ മാള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടി. സ്‌റ്റോപ് മെമ്മോ അവഗണിച്ച് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി.
മാളില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്നായിരുന്നു കോര്‍പ്പറേഷന്‍ സ്റ്റോപ്‌മെമ്മോ നല്‍കിയത്. അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അതുവരെ മാള്‍ അടച്ചിടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോര്‍പ്പറേഷന്‍ സ്റ്റോപ് മെമ്മോ നല്‍കിയത്. എന്നാല്‍ ഇത് അവഗണിച്ചും പ്രവര്‍ത്തനം തുടരുകയായിരുന്നു.
വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി കോര്‍പ്പറേഷനില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഇതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരായി മാള്‍ അടപ്പിച്ചതടക്കം സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. മാളില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കോര്‍പ്പറേഷനും അഗ്നിശമനസേനയും ചേര്‍ന്ന് പരിശോധിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മെയ് 16നാണ് ഒബ്‌റോണ്‍ മാളിന് തീപിടിച്ചത്. മാളിന്റെ നാലാം നിലയില്‍ ഫുഡ്‌കോര്‍ട്ട് പ്രവര്‍ത്തിക്കുന്ന ഭാഗത്തായിരുന്നു തീ പിടിച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് നാലാം നിലപൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ മാളുകളിലും മറ്റും കോര്‍പ്പറേഷന്‍ കർശന സുരക്ഷാപരിശോധനകൾ നടത്തിയിരുന്നു.