സ്വാമി പുറത്തിറങ്ങി നടക്കുമെന്നും പെണ്‍കുട്ടി ഒറ്റപ്പെടുമെന്നും ജോയ് മാത്യു

തിരുവനന്തപുരം : ബലാത്സംഗ ശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം വെട്ടിമാറ്റിയ ഗംഗേശാനന്ദ തീര്‍ത്ഥ എന്ന ശ്രീഹരി ഇനിയും പഴയപോലെ തന്നെ പുറത്തിറങ്ങി നടക്കുമെന്നും പതിവുപോലെ പെണ്‍കുട്ടി ഒറ്റപ്പെടുമെന്നും നടനും സംവിധായകനുമായ ജോയ് മാത്യു. ആള്‍ക്കൂട്ട ആരവങ്ങള്‍ തന്നെ ഭയപ്പെടുത്തുകയോ നിശ്ശബ്ദനാക്കുകയോ ചെയ്യുന്നില്ല. പാര്‍ട്ടി ഏതായാലും ഭക്തന്മാര്‍ക്ക് വേണ്ടി സ്തുതിഗീതങ്ങള്‍ രചിക്കുക തന്റെ ജോലിയല്ല എന്ന് പതിവു ശൈലിയില്‍ ആരംഭിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.
ലൈംഗിക പീഡനങ്ങള്‍ കൂടിവരുന്ന കേരളത്തില്‍ പെണ്‍കുട്ടിയുടെ പ്രവൃത്തി ധീരമാണ്, അതിന് പൂര്‍ണപിന്തുണയും നല്‍കുന്നു. എന്നാല്‍ താന്‍ സ്വയം മുറിച്ചുകളഞ്ഞതാണ് ലിംഗം എന്ന് സ്വാമിയും താനാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്ന് പെണ്‍കുട്ടിയും പറഞ്ഞാല്‍ പൊലീസ് ആരുടെ ഭാഗം വിശ്വസിക്കും എന്ന ആശയക്കുഴപ്പമുണ്ടാകും. 'ലിംഗനഷ്ടസ്വാമി' സ്വയം മുറിച്ചതാണ് ലിംഗം എന്ന് പറഞ്ഞാല്‍ പൊലീസ് ഏതുവകുപ്പില്‍ കേസെടുക്കും? വേണമെങ്കില്‍ ആത്മഹത്യാശ്രമത്തിന് കേസെടുക്കാം പക്ഷേ അവിടെയും രക്ഷപ്പെടാന്‍ പഴുതുകളുണ്ട്. രോമം കളയുമ്പോഴോ മറ്റോ അബദ്ധത്തില്‍ ലിംഗം ചെത്തിപ്പോയതാണെന്ന് വാദിച്ചുജയിക്കാന്‍ മിടുക്കരായ അഭിഭാഷകരെ കിട്ടും. എല്ലാ തടസ്സങ്ങളും മറികടന്ന് പുറത്തുവരുന്ന സ്വാമി പൊതുജനത്തെ നോക്കി പരിഹസിച്ച് ഒരു ചിരി ചിരിക്കും. തനിക്ക് സംശയം ആ ചിരിയെ ആണെന്നും ജോയ് മാത്യു പറയുന്നു.
എളുപ്പത്തില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ട സ്വാമി രാഷ്ട്രീയ പ്രവേശനം നടത്തും. മത്സരിക്കും. ജയിക്കും. ഭരണാധികാരിയാകും. ഇന്ന് ഓരിയിടുന്നവര്‍ ഓച്ഛാനിച്ചുനില്‍ക്കും. ജയ് വിളിക്കും. പെണ്‍കുട്ടിക്ക് എന്ത് നീതിയാണ് കിട്ടുക എന്നും ജോയ് മാത്യു ചോദിക്കുന്നു.
'പെണ്‍കുട്ടിക്ക് കട്ട സപ്പോര്‍ട്ട്' എന്ന് ആരവമുയര്‍ത്തിയ ആരും പിന്നെ ആ വഴിക്ക് വരില്ല. ലിംഗനഷ്ടക്കേസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്വാമിയെ ആരും ജനകീയ വിചാരണ ചെയ്യില്ല. ചെയ്യുമായിരുന്നെങ്കില്‍ ഗോവിന്ദച്ചാമിമാര്‍ ഉണ്ടാകുമായിരുന്നോ എന്നും ജോയ്മാത്യു ചോദിക്കുന്നു. ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുടെ ധീരതയെ വാഴ്ത്തി കട്ട സപ്പോര്‍ട്ട് അറിയിച്ച് ഉറഞ്ഞുതുള്ളാനും നേതാക്കള്‍ക്ക് സ്തുതിപാടാനുമേ കേരളത്തിലെ ആരവികള്‍ക്ക് അറിയൂ എന്നിടത്താണ് നാം തോറ്റ ജനതയാണെന്ന് ഒരു ചിന്തകന്‍ പറഞ്ഞത് അന്വര്‍ത്ഥമാകുന്നത് എന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.