കെഫാക് അന്തർ ജില്ലാ ഫുട്ബാൾ വിജയികൾക്ക് കെ.ഡി.എൻ.എ സ്വീകരണം നൽകി

കുവൈത്ത് സിറ്റി: കെഫാക് സംഘടിപ്പിച്ച അന്തർ ജില്ലാ ഫുട്ബോൾ മത്സരങ്ങളിൽ ജേതാക്കളായ കെ.ഡി.എൻ.എ ഫുട്ബാൾ താരങ്ങൾക്ക് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ സ്വീകരണം നൽകി. കെ.ഡി.എൻ.എയ്ക്ക് വേണ്ടി കളിച്ച മുഴുവൻ താരങ്ങളെയും സദസിന് പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. ചടങ്ങിൽ എം.എസ് ബാബുരാജിന്റെ കൊച്ചു മകൾ നിമിഷ സലിം മുഖ്യാതിഥിയായിരുന്നു.
മൂന്നാം ഫൈനലിനിറങ്ങിയ തിരുവനന്തപുരം ടീമിനെയാണ് സാമൂതിരിയുടെ നാട്ടുകാരായ ചുണക്കുട്ടികൾ പരാജയപ്പെടുത്തിയത്. ഈ വിജയത്തിന്റെ സൂത്രധാരനും ടീമിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച ടീം മാനേജരും കെ.ഡി.എൻ.എ. ട്രഷററുമായ സഹീർ ആലക്കലിനെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ഗായകരായ ഷമീർ വെള്ളയിൽ, ശ്രീനിവാസൻ,റബേക്ക, അന്ന എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി. ജനറൽ സെക്രട്ടറി എം. എം സുബൈർ സ്വഗതം ആശംസിച്ചു. പ്രസിഡണ്ട് സുരേഷ് മാത്തൂർ അനുമോദന പ്രസംഗം നടത്തി. കെ.ഡി.എൻ.എ ഭാരവാഹികൾ, എക്സിക്യുട്ടീവ് മെന്പർമാർ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.