കൊക്കകോള ഇന്ത്യയിലെ മൂന്ന് പ്ലാന്റുകളിലെ ഉൽപ്പാദനം നിർത്തി

ന്യൂഡൽഹി : വേണ്ടത്ര ആവശ്യക്കാരില്ലാത്തിനാൽ രാജ്യത്തെ മൂന്ന് പ്ലാന്റുകളിലെ ഉൽപ്പാദനം കൊക്കകോള ഇന്ത്യ നിർത്തിവെച്ചു. ജലചൂഷണത്തിനെതിരെ സമരം നടന്ന ജയ്പൂരിലെ പ്ലാന്റും ആന്ധ്രപ്രദേശിലും മേഘാലയിലുമായി രണ്ടു പ്ലാന്റുകളുമാണ് ഉൽപ്പാദനം നിർത്തി വെച്ചത്. ജയ്പൂരിലെ കാലാദേര പ്ലാന്റിൽ നിന്നും ഇനിയും ലാഭകരമായി ഊറ്റാൻ വെള്ളമില്ലാത്തത് കൊണ്ടാണ് ഇപ്പോൾ ഉൽപ്പാദനം നിർത്തിയത് എന്ന് പ്ലാന്റിന്റെ ജലചൂഷണത്തിനെതിരെ പോരാടിയ ഇന്ത്യ റിസോഴ്സ് സെന്റർ (ഐ.ആർ.സി) എന്ന സംഘടന ആരോപിക്കുന്നു. കഴിഞ്ഞ കൊല്ലം ജനുവരിയിൽ തന്നെ ഉൽപ്പാദനം നിർത്തിയതായാണ് തൊഴിലാളികൾ ഐ.ആർസിയെ അറിയിച്ചിട്ടുള്ളത്. നിലവിൽ കോള സൂക്ഷിക്കുന്നതിനും വിതരണത്തിനുമാണ് ഈ ഫാക്ടറി ഉപയോഗിക്കുന്നത്.
ആവശ്യക്കാർ കുറഞ്ഞതുകൊണ്ടാണ് ഉൽപ്പാദനം നിർത്തിയതെന്നും ജലലഭ്യത കുറഞ്ഞതല്ല കാരണം എന്നും കൊക്കോ കോളയുടെ ബോട്ട്ലിംഗ് കന്പനി വക്താവ് അറിയിച്ചു. ഉൽപ്പാദനം ഒഴികെ കന്പനിയിൽ മറ്റ് ജോലികൾ തുടരുമെന്നും ഡിമാൻഡ് വർദ്ധിക്കുന്ന അവസരത്തിൽ വീണ്ടും ഉൽപ്പാദനം തുടങ്ങുമെന്നും വക്താവ് അറിയിച്ചു. കൊക്കോ കോള കന്പനി നേരിട്ടും ബോട്ട്ലിംഗ് കന്പനി വഴിയും ഇന്ത്യയിൽ ആകെ 48 കന്പനികൾ നടത്തുന്നുണ്ട്.
തമിഴ്നാട്ടിലെ ജല്ലിക്കെട്ട് പ്രക്ഷോഭത്തിനോട് അനുബന്ധിച്ച് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരികൾ കടകളിൽ നിന്ന് കോള ഉൽപ്പന്നങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പരിസ്ഥിതി മലനികരണത്തിന് ഗാസിയാബാദിലെ ഒരു പ്ലാന്റിന് നാഷണൽ ഗ്രീൻ് ട്രൈബ്യൂൺ കഴിഞ്ഞ ഡിസംബറിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഭാവിയിൽ ഇന്ത്യയിലെ കൊക്കോ കോള പ്ലാന്റുകൾ പൂട്ടും എന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ശീതള പാനീയങ്ങളുടെ വിൽപ്പനക്കാലമായ വേനൽക്കാലത്ത് തന്നെ പ്ലാന്റ് പൂട്ടിയെന്നതും ശ്രദ്ധേയമാണ്.